ചെറുന്നിയൂരിൽ വഴി മുടക്കി വൈദ്യുതി പോസ്റ്റ്
വർക്കല: റോഡിന്റെ നടുവിലുള്ള വൈദ്യുതി പോസ്റ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നു.ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കാറാത്തല – പറങ്കിമാംവിള വാതുക്കൽ റോഡിലെ വൈദ്യുതി പോസ്റ്റാണ് ഭീഷണിയാകുന്നത്.ചെറുന്നിയൂർ നിന്ന് കാറാത്തല ഭാഗത്തേയ്ക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള ദൂരം കുറവായതിനാൽ ഈ വഴി ദിനവും വൻ തിരക്കാണ്.എന്നാൽ റോഡിന്റെ നടുവിലുള്ള വൈദ്യുതി പോസ്റ്റ് വാഹന, കാൽനട യാത്രക്കാരെ ഒരുപോലെ ആശങ്കയിലാക്കുകയാണ്.വർഷങ്ങൾക്കുമുമ്പ് വയൽ നികത്തി നിർമ്മിച്ച റോഡ്,പിന്നീട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീതി കൂട്ടുകയായിരുന്നു.എന്നാൽ വീതി കൂട്ടിയപ്പോഴും വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചില്ല.സമീപത്തെ വസ്തുവിന്റെ ഉടമ മതിൽ കെട്ടി സ്ഥലം തിരിച്ചെടുത്തതോടെ ഗതാഗതം കൂടുതൽ പ്രതിസന്ധിയിലായി.രണ്ട് വാഹനങ്ങൾ നേരിൽ വരുമ്പോൾ അവയ്ക്ക് ഇതുവഴി കടന്നുപോകാൻ നന്നേ പ്രയാസമാണ്.
കുണ്ടും കുഴിയുമായി റോഡ്
ടാർ ഇളകിപ്പോയി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് യാത്രയെ കൂടുതൽ അപകടകരമാക്കുന്നു.രാത്രിയിൽ ഈ ഭാഗത്ത് മതിയായ വെട്ടമില്ലാത്തതും പ്രതിസന്ധിക്ക് കാരണമാണ്.പോസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റിളകി വീണ് ഏതുനിമിഷവും വലിയ അപകടം സംഭവിക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ.പ്രദേശവാസികൾ പലവട്ടം ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.