മുടവൂർപ്പാറ അപകടം: നടപടി വേണമെന്ന്
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം-പാരൂർക്കുഴി, മുടവൂർപ്പാറ ഭാഗങ്ങളിൽ അപകടം പതിവാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് വെടിവെച്ചാൻകോവിൽ, പൂങ്കോട് റസിഡന്റ്സ് അസോസിയേഷനുകൾ രംഗത്ത്. രാത്രികാലങ്ങളിൽ വഴിയാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് ഭീതീജനകമാണ്. കഴിഞ്ഞ ദിവസം കടയടച്ച് റോഡിലേക്കിറങ്ങിയ വ്യാപാരിയെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചിരുന്നു.
തലയൽ വില്ലിക്കുളം നിവേദ്യം വീട്ടിൽ പി.ജെ.ഹരീഷ് സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയും ചെയ്തു. തെരുവ് വിളക്കുകൾ കത്താത്തതിലും പാതയോരത്തെ പാഴ്ച്ചെടികൾ കാഴ്ച്മറയ്ക്കുന്നതും വാഹനങ്ങൾക്ക് സ്പീഡ് ഗവേണർ നിർബന്ധമാക്കാത്തതും ഫ്രീക്കൻമാരുടെ മത്സരയോട്ടത്തിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കാത്തതും നിത്യേന അപകടം പെരുകുന്നതായി റസിഡന്റ്സ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം പ്രക്ഷോപ നടപടികളുമായി മുന്നോട്ട് പോകുമെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.