ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കസ്റ്റഡിയില്‍

Thursday 30 April 2026 7:50 PM IST

തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. തൃശൂര്‍ ആനക്കല്ലില്‍ ആണ് അവിണിശേരി സ്വദേശി ഉണ്ണിമായ (30)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉണ്ണിമായയുടെ ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശിവപ്രസാദുമായി വഴക്കുണ്ടായെന്നും പിന്നീട് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് വിവരം.

വ്യാഴാഴ്ച രാവിലെയാണ് സംഭവം, തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഉണ്ണിമായ. രാവിലെ ഇവിടേക്ക് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ശിവപ്രസാദുമായി വഴക്കുണ്ടായത്. പിന്നീട് മുറിയിലേക്ക് പോകുകയും ചെയ്തു. അല്‍പ്പസമയത്തിന് ശേഷം ഭര്‍ത്താവിന്റെ അമ്മയും നാട്ടുകാരും ചേര്‍ന്ന് മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഉണ്ണിമായ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടെത്തിയത്. ഉടനെ ഉണ്ണിമായയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വഴക്കിന് ശേഷം വീട്ടില്‍നിന്ന് പുറത്തേക്ക് പോയ ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്‍പും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി നാട്ടുകാരും പ്രദേശവാസികളും പറയുന്നു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.