എക്സിറ്റ് പോൾ: യു.ഡി.എഫിന് വലിയ പ്രതീക്ഷയെന്ന് അപു ജോസഫ്
തൊടുപുഴ: എക്സിറ്റ് പോൾ ഫലങ്ങൾ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രതീക്ഷിച്ച അനുകൂല തരംഗം എക്സിറ്റ് പോളുകളിലും പ്രതിഫലിച്ചിട്ടുണ്ട്. യു.ഡി.എഫ് സഖ്യം 100 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച എട്ട് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷ. ഏഴ് സീറ്റുകളിൽ ഉറപ്പായും വിജയിക്കും. യുഡിഎഫ് തരംഗമുണ്ടായാൽ എട്ടിലും ജയം സുനിശ്ചിതമാണ്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നത് പാർട്ടിയിലെ ജനാധിപത്യത്തിന്റെ തെളിവാണ്. ഇത് പോരായ്മയല്ല, മറിച്ച് മേന്മയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോൺഗ്രസ് നേതൃത്വത്തിനാണ്. അവർ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും. മന്ത്രിസ്ഥാനങ്ങളെ സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ നടക്കൂ. മുന്നണിയിലെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണനയും മാന്യമായ സ്ഥാനങ്ങളും ലഭിക്കുമെന്ന് ഉറപ്പുണ്ട്. മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനായി ചില സീറ്റുകളിൽ വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന സർക്കാർ ജനവിധി മാനിച്ച് മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.