അനധികൃതമായി നികത്തുന്ന നിലത്തിൽ പ്രതിഷേധവുമായി കെ.എസ്.കെ.ടി.യു

Friday 01 May 2026 3:20 AM IST

മാന്നാർ: അനധികൃതമായി മണ്ണിട്ട് നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന നിലത്തിൽ കെ.എസ്.കെ.ടി.യു മാന്നാർ വെസ്റ്റ് മേഖല പ്രതിഷേധം. മാന്നാർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ വാഴയിൽ മുക്കിന് സമീപം വട്ടപ്പറമ്പിൽ ലെനു വർഗീസ് തന്റെ വീടിനോട് ചേർന്നുള്ള 30 സെന്റ് നിലം ഡേറ്റാബാങ്കിൽ ഉൾപ്പെടാത്തതാണെന്ന് പറഞ്ഞ് മണ്ണടിച്ച് നികത്തുകയും തെങ്ങിതൈകൾ നടുകയും ചെയ്തിരുന്നു. കെ.എസ്.കെ.ടി.യു പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും മണ്ണിറക്കുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ രാത്രിയുടെ മറവിൽ മണ്ണിറക്കി വലിയ ബണ്ട്റോഡ് നിർമ്മിക്കുകയും തന്റെ വസ്തു കഴിഞ്ഞുള്ള ഏകദേശം ഒന്നര ഏക്കറോളം വരുന്ന നിലം ഈ രൂപത്തിൽ നികത്തിക്കൊണ്ടിരിക്കുകയാണ്. മാന്നാർ പൊലീസ് പല പ്രാവശ്യം സ്ഥലത്തെത്തി പണികൾ നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. പമ്പയാറ്റിൽ നിന്നും കുരട്ടിശ്ശേരി പുഞ്ചയിലേക്ക് ഈ സ്ഥലത്ത് കൂടി പോകുന്ന എട്ടടി വീതിയിലുള്ള കനാൽ ഉൾപ്പെടെ നികത്തിയതായി കെ.എസ്.കെ.ടി.യു ആരോപിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി മാന്നാറിലെ പാടശേഖരങ്ങളിലേക്ക് ഇത്തരത്തിലുള്ള നിരവധി കനാലുകൾ ഉണ്ട്. ഇത് മണ്ണിട്ട് നികത്തുക വഴി പമ്പയാറ്റിലെ ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും സ്ഥലത്തെ പ്രമാണിയായ ഈ ഭൂഉടമ പല ഉന്നത ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നതെന്നും കെ.എസ്. കെ.ടി.യു നേതാക്കൾ പറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ തുനിഞ്ഞാൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് യൂണിയൻ മേഖലാ സെക്രട്ടറി കെ.ജെ ജയകുമാറും പ്രസിഡന്റ് അബ്ദുൽ റസാക്കും മുന്നറിയിപ്പ് നൽകി.