ചിങ്ങോലിയിൽ കുടിവെള്ളം കിട്ടാക്കനി; നാട്ടുകാർ നെട്ടോട്ടത്തിൽ
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിലെ 3, 4, 5, 6 വാർഡുകളിൽ വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ 4 മാസക്കാലമായി കുടിവെള്ളം ക്ഷാമം നേരിടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ചിങ്ങോലി പഞ്ചായത്തിലെ കൈതവന ലക്ഷം വീടിന് സമീപമുള്ള പ്രദേശത്തെ പമ്പ് ഹൗസും ചേപ്പാട് പമ്പ് ഹൗസും തമ്മിലുള്ള പൈപ്പ് ലൈൻ ഇന്റർകണക്റ്റ് ചെയ്താണ് ഈ വാർഡുകളിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കാഞ്ഞൂർ ക്ഷേത്രത്തിന് തെക്കുവശവും വടക്കുവശവും പ്രധാന പൈപ്പ് ലൈൻ പൊട്ടി ഒഴുകുകയാണ്.
ചേപ്പാട്, കൈതവന പമ്പ് ഹൗസിൽ നിന്ന് പമ്പിംഗ് നടത്തുന്ന വെള്ളം ഹൈവേയുടെ പടിഞ്ഞാറു വശത്തുള്ള താഴ്ന്ന സ്ഥലത്തേക്ക് ഒഴുകി പോകുകയാണ്. പ്രധാന ലൈനിലെ പൊട്ടൽ കാരണം വെള്ളം മറ്റു ഭാഗങ്ങളിലേക്ക് എത്തുന്നില്ല. പൊതുധനത്തിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പമ്പ് ചെയ്യുന്ന ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഉപയോഗിക്കാതെ നഷ്ടമാകുന്നത്. വേനൽ കടുത്തിരിക്കുന്ന സാഹചര്യത്തിൽ വകുപ്പുകൾ തമ്മിലുള്ള തർക്കം ജനങ്ങളുടെ ദുരിതം കൂടുതൽ രൂക്ഷമാക്കുകയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും പരിഹരിയ്ക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
പരസ്പരം പഴിചാരി ദേശീയപാത, കുടിവെള്ള അതോറിറ്റികൾ
ദേശീയപാതയുടെ നിർമ്മാണത്തിനിടെ മണ്ണിട്ട് ഉയർത്തിയതിനെ തുടർന്ന് പ്രധാന പൈപ്പ് ലൈൻ രണ്ടര മീറ്റർ താഴ്ചയിലായതിനാൽ അറ്റകുറ്റപ്പണി ദേശീയപാത അതോറിറ്റി നടത്തണമെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾക്ക് കേട്പാട് സംഭവിച്ചാൽ പരിഹരിയ്ക്കണ്ട ഉത്തരവാദിത്വം വാട്ടർ അതോറിറ്റിയ്ക്കാണെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് ദേശീയപാതാ അതോറിറ്റിയുടെ വാദം.
ഇരു വകുപ്പുകളും പരസ്പരം കുറ്റം ചുമത്തിക്കൊണ്ടിരിക്കുമ്പോൾ നാല് മാസമായി ഒരു പ്രദേശത്തെ ജനങ്ങൾ കുടിവെള്ളമില്ലാതെ കഴിയുകയാണ്.