"കീഴ്ത്തളിയിലെ അപകടത്തുരുത്ത് ഒഴിവാക്കാൻ സ്റ്റോപ്പ് മാറ്റണം"

Friday 01 May 2026 12:00 AM IST

  • നിവേദനവുമായി കൗൺസിലറും പ്രദേശവാസികളും

കൊടുങ്ങല്ലൂർ : അപകടങ്ങൾക്കും ഗതാഗത തടസത്തിനും ഇടയാക്കുന്നുവെന്ന് ആരോപിച്ച് തിരക്കേറിയ കീഴ്ത്തളി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് പേർ വാഹനമിടിച്ച് മരിച്ച അപകടം ഈയിടെ ഇവിടെയുണ്ടായിരുന്നു. അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളാണ് ഇവിടത്തെ അപകടങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. വൈ ആകൃതിയിലുള്ള റോഡ് കൊടുങ്ങല്ലൂരിൽ നിന്നും വന്ന് ഒന്ന് പറവൂർ ഭാഗത്തേക്കും മറ്റൊന്ന് മാളയിലേക്കും പോകുന്നതാണ്.

രണ്ട് വശങ്ങളിലും ഇറങ്ങാനും കയറിപ്പോകാനും സ്റ്റോപ്പിൽ എപ്പോഴും യാത്രക്കാരുടെ തിരക്കുമുണ്ടാകും. മറ്റ് വാഹനങ്ങളും കൂടി വരുന്നതോടെ എപ്പോഴും ഈ ഭാഗത്ത് ഗതാഗത തടസമാണ്. ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചാൽ ഗതാഗത തടസം ഒഴിവാക്കാനായേക്കും. ഒരു ഭാഗത്ത് ഗുരുവായൂർ, എറണാകുളം ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ ബസുകളും മറ്റൊരു വശത്ത് ചാലക്കുടി, മാള ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ ബസുകളാണ് നിറുത്തിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ യാത്രക്കാരിൽ നിന്നും മറ്റും സ്വീകരിച്ച് നഗരസഭ 20ാം വാർഡ് കൗൺസിലർ എം.എസ്.വിനയകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ആർ.ടി.ഒ വിനുവിന് നിവേദനമായി നൽകി. യാത്രക്കാരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഇതിനായി ഒപ്പുശേഖരണവും നടത്തി.

രണ്ടുണ്ട് നിർദ്ദേശങ്ങൾ

1. എറണാകുളം, പറവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ ബസ് സ്റ്റോപ്പിൽ നിന്ന് നൂറ് മീറ്റർ മുന്നോട്ട് മാറ്റി നിറുത്തുക 2. ഗുരുവായൂർ, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ മിനി സിവിൽ സ്റ്റേഷന്റെ എതിർ വശത്തുള്ള റോഡരികിൽ നിറുത്തണം