ഇടുക്കി ആർക്കൊപ്പമെന്ന് അറിയാൻ നാല് നാൾ നെഞ്ചിടിപ്പേറി മുന്നണികൾ
തൊടുപുഴ: ഏകദേശം ഒരു മാസക്കാലം നീണ്ടുനിന്ന ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് നാലിന് വിരാമമാകും. വിവിധ ഏജൻസികൾ പുറത്തുവിട്ട സർവ്വേ ഫലങ്ങളും എക്സിറ്റ് പോളുകളും ഒരുവശത്ത് രാഷ്ട്രീയ ചർച്ചകളെ ചൂടുപിടിപ്പിക്കുമ്പോൾ, വോട്ടർമാരുടെ നിശബ്ദമായ മനോഗതം എന്താണെന്നറിയാതെ നെഞ്ചിടിപ്പിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് ഇത്രയേറെ കാലതാമസം വന്നത് അണികളിലും നേതാക്കളിലും ഒരു പോലെ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം അടുത്തതോടെ അവർ ഒരുപോലെ ആശങ്കയിലാണ്. സ്ഥാനാർത്ഥികളാകട്ടെ, ഈ മണ്ഡലത്തിലെ കല്യാണവീടുകളും മരണവീടുകളും സന്ദർശിച്ചും പൊതുപരിപാടികളിൽ പങ്കെടുത്തും ജനങ്ങളുമായുള്ള ബന്ധം നിലനിറുത്താൻ ശ്രമിക്കുകയാണ്. സമീപ ജില്ലകളെ അപേക്ഷിച്ച് മണ്ഡലങ്ങളുടെ എണ്ണം കുറവാണെങ്കിലും ഇടുക്കിയിൽ വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. 1987ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.
രണ്ട് പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ജില്ലയാണിത്. നിലവിൽ തൊടുപുഴയൊഴികെയുള്ള നാല് മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ്. കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു പ്രതിനിധി പോലും ജില്ലയിൽ നിന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ ആധിപത്യം നിലനിർത്താൻ ഇടതുപക്ഷം തീവ്രശ്രമം നടത്തമ്പോൾ, ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായാൽ അഞ്ച് സീറ്റും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
ഉടുമ്പഞ്ചോലയും ദേവികുളവും ഇടത് കോട്ടകളായി ഉറച്ചുനിൽക്കമ്പോൾ, പീരമേട്, ഇടുക്കി മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണ്. ഇവിടെ ആര് വിജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയാകാനാണ് സാദ്ധ്യത. നാലിന് ഉച്ചയോടെ ഹൈറേഞ്ച് രാഷ്ട്രീയം ആരെ തുണയ്ക്കുമെന്ന് വ്യക്തമാകും. വന്യജീവി ശല്യം, നിർമ്മാണ നിരോധനം, പട്ടയം, റോഡുകളുടെ വികസനം, തുടങ്ങിയവ ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ എത്രത്തോളം സ്വാധീനിച്ചുവെന്നതും ഫലം വരുമ്പോൾ അറിയാം.
എക്സിറ്റ് പോളുകൾ: സാമ്പിൾ വെടിക്കെട്ടായി
കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ ചാനലുകളും പ്രാദേശിക ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിച്ചു. ഓരോ മണ്ഡലത്തിലെയും വിജയികളെ വരെ ചിലർ പ്രഖ്യാപിച്ചതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ മുറുകിയിട്ടുണ്ട്. എക്സിറ്റ് പോളുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തിയത് പ്രവർത്തകരെ വീണ്ടും ആവേശത്തിലാക്കിയിട്ടുണ്ട്.