തൃണമൂലിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റിന് ജാമ്യം, വോട്ടെടുപ്പ് കഴിഞ്ഞതിന്റെ അടുത്തദിവസം

Friday 01 May 2026 12:20 AM IST

ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തില്ല

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഐ-പാകിന്റെ ഡയറക്‌ടർ വിനേഷ് ചന്ദേലിന് ബംഗാൾ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ അടുത്തദിവസം ജാമ്യം. ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ബുധനാഴ്ചയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വിനേഷ് ചന്ദേലിന്റെ ജാമ്യാപേക്ഷയെ ഇ.ഡി ഇന്നലെ എതിർത്തില്ല. ഇതോടെ ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഏപ്രിൽ 13നായിരുന്നു ഇ.ഡിയുടെ അറസ്റ്റ്. ഐ-പാകിന്റെ കാെൽക്കത്തയിലെ ഓഫീസിൽ ഇക്കഴിഞ്ഞ ജനുവരി എട്ടിന് ഇ.ഡി നടത്തിയ റെയിഡ് രാഷ്ട്രീയവിവാദമായി വളർന്നിരുന്നു. മുഖ്യമന്ത്രി മമത ബാനർജി, ഡി.ജി.പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി റെയിഡ് തടസപ്പെടുത്തിയത് സുപ്രീംകോടതിയിൽ വരെയെത്തി. ഇ.ഡിയുടെ ഹർജിയിൽ മമതയ്‌ക്കെതിരെ കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു.