അമ്മയെ അടിച്ചുകൊന്ന മകന് ജീവപര്യന്തം
Friday 01 May 2026 1:34 AM IST
തിരുവനന്തപുരം: വൃദ്ധ മാതാവിനെ അടിച്ചു കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഏഴാം അഡിഷണൽ ജില്ലാ കോടതി ജഡ്ജി വി. അനസാണ് പ്രതിയെ ശിക്ഷിച്ചത്. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസിൽ തങ്കച്ചനാണ് (55) ശിക്ഷ. അമ്മ റീത്ത (71)യെയാണ് തങ്കച്ചൻ റൂൾത്തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. 2021 മേയ് 4 നായിരുന്നു സംഭവം. രോഗിയുമായ മാതാവിനെ സംരക്ഷിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് കൊല നടത്തിയത്. സംഭവദിവസം വീടിനു പിറകിൽ കെട്ടിയിരുന്ന ടാർപ്പോളിന്റെ അടിയിൽവച്ച് റീത്തയെ തങ്കച്ചൻ അടിക്കുന്നതും തല പിടിച്ച് ചുവരിൽ ഇടിക്കുന്നതും അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വീഡിയോ ചിത്രീകരിച്ച ആൾ ഉൾപ്പെടെ 21 സാക്ഷികളെ വിസ്‌തരിച്ചിരുന്നു. പ്രോസിക്യൂട്ടർ വേണി ഹാജരായി.