എം.എൽ.എയ്‌ക്ക് മറുപടിയുമായി മേയർ വിളപ്പിൽശാലയ്‌ക്ക് പകരമെന്ത് ചെയ്‌തു, ​ഭരിക്കാൻ പഠിപ്പിക്കേണ്ട

Friday 01 May 2026 2:06 AM IST

തിരുവനന്തപുരം: 45 വർഷം കോർപ്പറേഷൻ ഭരിച്ച സി.പി.എമ്മാണ് മൂന്നുമാസം മാത്രമായ പുതിയ ഭരണസമിതിയെ വിമർശിക്കുന്നതെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാൻ വിളപ്പിൽശാലയ്ക്ക് പകരം എന്ത് സംവിധാനമാണ് വി.കെ.പ്രശാന്തിന്റെ കാലത്ത് ഒരുക്കിയത്. നഗരത്തിലെ ഭക്ഷണമാലിന്യം എങ്ങനെയാണ് സംസ്‌കരിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോയെന്നും മേയർ ചോദിച്ചു.

നഗരത്തിലെ മാലിന്യ,​കുടിവെള്ള പ്രശ്നത്തിൽ മേയർ ജനങ്ങളെ പറ്റിക്കുകയാണെന്നും ഇക്കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്നും വി.കെ.പ്രശാന്ത് എം.എൽ.എ കഴിഞ്ഞ ദിവസം പറഞ്ഞതിന് മറുപടിയുമായാണ് മേയർ രംഗത്തെത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. എങ്ങനെ ഭരിക്കണമെന്ന് ആരും പഠിപ്പിക്കേണ്ട,​ഞങ്ങൾക്ക് നിർദ്ദേശം നൽകാനാളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടിയും വി.കെ.പ്രശാന്തും വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. കോർപ്പറേഷന് കീഴിലെ വാട്ടർ കിയോസ്‌കുകൾ പ്രവർത്തന രഹിതമെന്ന് മുൻ മേയറുൾപ്പെടെ പറയുന്നു. ഓരോന്നും സ്ഥാപിച്ച് മാസങ്ങൾ കഴിയുമ്പോൾ തകർന്നെങ്കിൽ ആരുടെ തെറ്റാണ്. സ്മാർട്ട്സിറ്റിയുടെ കീഴിലെ പല റോഡുകളിലും വെള്ളക്കെട്ടാണ്. ബിൽ ഒപ്പിട്ടുകൊണ്ട് പോയാൽ മാത്രം പോരല്ലോ. പല കരാറുകളും നൽകിയിരിക്കുന്നത് 10 വർഷത്തേക്കാണെന്നും മേയർ ചൂണ്ടിക്കാട്ടി.

കുടിവെള്ള വിതരണത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഇടപെടലുകളാണ് കോർപ്പറേഷൻ നടത്തുന്നത്. 24 മണിക്കൂറും വാർ റൂം പ്രവർത്തിക്കുന്നു. എപ്പോൾ ആവശ്യക്കാർ വിളിച്ചാലും ടാങ്കറുകളിൽ വെള്ളമെത്തിക്കും. 30 വർഷം മുമ്പ് നഗരത്തിലുണ്ടായിരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ഒരുക്കിയ സംവിധാനങ്ങളാണ് ഇന്നുമുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോർപ്പറേഷനും ഒരുമിച്ച് പ്രവർത്തിച്ചാലേ കുടിവെള്ള ക്ഷാമത്തിൽ ശാശ്വത പരിഹാരം കാണാനാകൂ. ജല അതോറിട്ടിയുമായി എല്ലാതരത്തിലും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കുളത്തൂർ കഴക്കൂട്ടം മേഖലയിൽ ബൂസ്റ്റർ പമ്പ് സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ ജല അതോറിട്ടി ഇതിനുള്ള എസ്റ്റിമേറ്റ് പോലും നൽകിയിട്ടില്ല. ജലഅതോറിട്ടി കുടിശിക നൽകാത്തതു കാരണം പൊട്ടിയ കുടിവെള്ള പൈപ്പുകൾ നന്നാക്കാൻ കരാറുകാർ തയ്യാറാകാത്ത സ്ഥിതിയാണ്. നഗരം ആറുമാസം കുടിവെള്ളക്ഷാമത്തിലും മൂന്നുമാസം വെള്ളക്കെട്ടിലുമാണ്. പ്രശ്‌ന പരിഹാരത്തിനുള്ള പദ്ധതികൾ പുതിയ സർക്കാർ അധികാരമേറ്റാലുടൻ ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കി.