യുദ്ധം അവസാനിക്കാൻ യുറേനിയം സംരക്ഷിക്കാം: പുട്ടിന്റെ സഹായം നിരസിച്ച് ട്രംപ്
യുക്രെയിൻ യുദ്ധം പരിഹരിക്കൂയെന്ന് ഉപദേശം
വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദ്ദേശിച്ച ഓഫർ തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ ഏകദേശം 11 ടൺ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരമുണ്ട്. ഇത് റഷ്യയിൽ സൂക്ഷിക്കാമെന്ന് 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിനിടെ പുട്ടിൻ അറിയിച്ചു. നിർദ്ദേശം നിരസിച്ച ട്രംപ്, യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഉപദേശിച്ചു. ഇറാനിൽ ആക്രമണം പുനരാരംഭിക്കാൻ ട്രംപ് ആലോചിക്കുന്നെന്ന വാർത്തകൾക്കിടെയാണിത്.
ഇറാനിലെ യുറേനിയം തങ്ങൾക്ക് കൈമാറുകയോ നശിപ്പിക്കുകയോ വേണമെന്നാണ് യു.എസിന്റെ ആവശ്യം. ഇറാൻ തയ്യാറല്ല. എന്നാൽ സുഹൃദ് രാജ്യമായ റഷ്യയിലേക്ക് മാറ്റാൻ അവർ തയ്യാറായേക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടുത്തിടെ മോസ്കോയിലെത്തി പുട്ടിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു.
അതേസമയം ആക്രമണം പുനരാരംഭിച്ചാൽ ആഗോള സ്ഥിരതയ്ക്ക് അങ്ങേയറ്റം ദോഷം ചെയ്യുമെന്ന് പുട്ടിൻ ട്രംപിന് മുന്നറിയിപ്പ് നൽകി. മേയ് 9ന് വിജയദിനാഘോഷത്തിന്റെ ഭാഗമായി യുക്രെയിനിൽ താത്കാലിക വെടിനിറുത്തലിന് തയ്യാറാണെന്നും പുട്ടിൻ അറിയിച്ചു.
# റഷ്യയ്ക്ക് സ്വാധീനം ശക്തമാക്കാം
ഇറാന്റെ ആണവ ശേഖരം നിയന്ത്രിച്ചാൽ റഷ്യയ്ക്ക് മിഡിൽ ഈസ്റ്റിലേക്കും ആണവ നയതന്ത്രത്തിലും സ്വാധീനം ശക്തമാക്കാം
സമ്പുഷ്ടീകരിച്ച യുറേനിയം സിവിലിയൻ ആണവ റിയാക്ടറുകൾക്കുള്ള ഇന്ധനമാക്കി മാറ്റാമെന്ന് റഷ്യയുടെ റൊസാറ്റം ഏജൻസി
യുറേനിയം ശേഖരത്തെ സിവിലിയൻ ആവശ്യത്തിന് ഉപയോഗിക്കണമെന്ന ഇറാന്റെ ആവശ്യവും ആണവായുധ ഗ്രേഡ് വസ്തുക്കൾ ഇറാനിൽ നിന്ന് മാറ്റണമെന്ന യു.എസ് ആവശ്യവും നിറവേറ്റാം
# ആക്രമണത്തിന് സാദ്ധ്യത
സമാധാന ചർച്ചയിലെ അനിശ്ചിതത്വം നീക്കി ഇറാനെ വരുതിയിലാക്കാൻ ട്രംപിന് മുന്നിൽ മൂന്ന് ഓപ്ഷനുകൾ യു.എസ് സൈന്യം സമർപ്പിക്കും.
1. ഇറാനിൽ ലക്ഷ്യം വച്ചുള്ള തീവ്രമായ വ്യോമാക്രമണം
2. കരസേനയെ ഇറക്കി ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ പിടിച്ചെടുക്കൽ
3. സ്‌പെഷ്യൽ ഫോഴ്സിനെ ഉപയോഗിച്ച് ഇറാനിലെ യുറേനിയം ശേഖരം പിടിച്ചെടുക്കൽ
# ഹോർമുസിൽ പുതിയ
അദ്ധ്യായം: മൊജ്‌തബാ
അമേരിക്കൻ സ്വാധീനം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ഒരു പുതിയ അദ്ധ്യായത്തിലേക്ക് ഹോർമുസ് പ്രവേശിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ സന്ദേശം. ഹോർമുസിനായി പുതിയ നിയമ-ഭരണ ചട്ടങ്ങൾ ഇറാൻ ആവിഷ്കരിക്കും. എല്ലാ ഗൾഫ് രാജ്യങ്ങൾക്കും ഇത് സാമ്പത്തിക ഗുണം ചെയ്യും. യു.എസിന്റേത് ലജ്ജാകരമായ തോൽവിയാണെന്നും രാജ്യത്തിന്റെ ആണവ, മിസൈൽ ശേഷികൾ സംരക്ഷിക്കുമെന്നും വെല്ലുവിളിച്ചു.
# ആക്രമണം പുനരാരംഭിക്കാനാണ് ഭാവമെങ്കിൽ, ദീർഘവും വേദനാജനകവുമായ പ്രത്യാക്രമണം യു.എസ് നേരിടേണ്ടി വരും.
- ഇറാൻ റെവല്യൂഷണറി ഗാർഡ്