ട്രംപിനെ 'വഴി തെറ്റിക്കുന്ന' ഹെഗ്‌സേത്ത് !

Friday 01 May 2026 8:08 AM IST

രണ്ടുമാസം മുമ്പ് തുടങ്ങിയ ഇറാൻ യുദ്ധത്തിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് യു.എസ്. ഇതുവരെ യുദ്ധത്തിനായി മാത്രം പൊടിഞ്ഞത് 2500 കോടി ഡോളറിലേറെ. ഇനിയെത്ര നാൾ? എന്തിനായിരുന്നു യുദ്ധം? യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനസിൽ കണ്ടതൊന്നും യാഥാർത്ഥ്യമായിട്ടില്ല. ഇറാന്റെ ആണവശേഷി തകർത്തതുമില്ല, ഭരണമാറ്റം സാദ്ധ്യമായതുമില്ല. എങ്ങനെയെങ്കിലും ഇറാനെ ആണവ കരാറിലെത്തിക്കാൻ അങ്ങേയറ്റം സമ്മർദ്ദം പയറ്റുകയാണിപ്പോൾ. ഇറാനാകട്ടെ മുട്ടുമടക്കില്ലെന്ന ഉറച്ചനിലപാടിലും.

ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത്താണെന്നാണ് ആരോപണം.

അതിനുപ്രധാന കാരണം അദ്ദേഹം പറയുന്നത് ഒന്ന്,​ യാഥാർത്ഥ്യം മറ്റൊന്ന് എന്നതാണ്.

വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനുപോലും ഹെഗ്‌സേത്തിന്റെ നീക്കങ്ങൾ രസിക്കുന്നില്ലത്രെ. ഹെഗ്‌സേത്തിന്റെ വിശദീകരണങ്ങളും സൈനിക ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തലുകളും തമ്മിൽ വലിയ വിടവുകൾ കാണാം. ഇറാന്റെ മിസൈൽ, ഡ്രോൺ ശേഖരം നശിപ്പിച്ചെന്ന് ഹെഗ്‌സേത്ത് ആവർത്തിക്കുന്നു. എന്നാൽ മിസൈൽ ശേഖരത്തിന്റെ പകുതിയിലേറെയും പ്രവർത്തന സജ്ജമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇറാന്റെ ആകാശത്ത് യു.എസ് മേൽക്കൈ നേടിയെന്ന് ഹെഗ്‌സേത്ത് അവകാശപ്പെട്ടെങ്കിലും എഫ് - 15 യുദ്ധവിമാനത്തെ ഇറാൻ വെടിവച്ചിട്ടതോടെ അതും പൊളിഞ്ഞു.

യുദ്ധ സാഹചര്യങ്ങൾ സംബന്ധിച്ച് ഹെഗ്‌സേത്ത് ട്രംപിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വാൻസ് സ്വകാര്യ യോഗങ്ങളിൽ ആശങ്ക പങ്കുവച്ചതായി റിപ്പോർട്ടുണ്ട്. ഇറാൻ യുദ്ധത്തെ മനസില്ലാമനസോടെ പിന്തുണയ്ക്കുന്ന ട്രംപിന്റെ അടുത്ത അനുയായികളിലൊരാളാണ് വാൻസ് എന്നാണ് സംസാരം. സൈനികരെ വിദേശ മണ്ണിൽ യുദ്ധത്തിന് വിന്യസിക്കുന്നതിനോടും വാൻസിന് താത്പര്യമില്ല.

 വിമർശിച്ച് ഡെമോക്രാറ്റുകൾ

കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിന്റെ സായുധ സേനാ കമ്മിറ്റിയും ഹെഗ്‌സേത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചു. യുദ്ധച്ചെലവും ലക്ഷ്യങ്ങളും സംബന്ധിച്ച് അമേരിക്കൻ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇറാന്റെ ആണവ ശേഷിയെക്കുറിച്ച് ഫാന്റസികൾ പ്രചരിപ്പിക്കുകയാണെന്നും ഡെമോക്രാറ്റിക് അംഗങ്ങൾ വിമർശിച്ചു. ഇറാന്റെ നാവികശേഷി തകർത്തെന്ന് ഹെഗ്‌സേത്ത് പറയുന്നു. അങ്ങനെയെങ്കിൽ ഹോർമുസ് കടലിടുക്ക് എന്തുകൊണ്ട് യു.എസിന് തുറക്കാനാകുന്നില്ല? അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ഇറാൻ ആക്രമിച്ച് തുരത്തുന്നുമുണ്ട്.

 എല്ലാം പ്രൊപഗാണ്ട ?

ആർമി തലവൻ റാൻഡി ജോർജ് അടക്കം താനുമായി ഭിന്നതയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഹെഗ്‌സേത്ത് പുറത്താക്കിയതും വിവാദമായിരുന്നു. ഹെഗ്‌സേത്തിനെതിരായ ആരോപണങ്ങൾ വാസ്തവ വിരുദ്ധവും ശത്രുക്കളുടെ പ്രൊപഗാണ്ടയാണെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. യുദ്ധത്തിന്റെ പൂർണ ചിത്രത്തെക്കുറിച്ച് ട്രംപിന് ധാരണയുണ്ടെന്നും പറയുന്നു. ഫോക്‌സ് ന്യൂസ് മുൻ അവതാരകനും ആർമി മുൻ മേജറുമായ ഹെഗ്‌സേത്ത് (45) ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.