'പട നയിച്ചവൻ നാട് നയിക്കട്ടെ': സതീശന് വേണ്ടി രാഹുൽഗാന്ധിയോട് അഭ്യർത്ഥന

Wednesday 06 May 2026 12:47 PM IST

തിരുവനന്തപുരം: നിയമസഭാ തിര‌‌ഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമാണ്. വി.‌ഡി സതീശൻ,​ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിനായി പരിഗണനയിലുള്ളത്. വിഷയത്തിൽ ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുന്നത് എന്നാണ് നേതാക്കളുടെ നിലപാട്. പരസ്യ പ്രതികരണങ്ങൾക്ക് മൂന്നുപേരും തയ്യാറായിട്ടില്ല.

അതിനിടെ,​ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച വി‌.ഡി സതീശനെ മുഖ്യമന്ത്രിയായി പരിഗണക്കണമെന്ന ആവശ്യവുമായി സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരണം ശക്തമാണ്. വയനാട് ജില്ലയിൽ 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നെഴുതിയ ഫ്ളക്സുകളും വിഡി സതീശൻ അനുകൂലികൾ സ്ഥാപിച്ചു. രാഹുൽഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിലും വി‌ഡി സതീശനെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന ആവശ്യവുമായി ആളുകൾ എത്തുന്നുണ്ട്. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യമാണ് കമന്റുകളായി ഇടുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരേയും നേതാക്കളേയും അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയിട്ട പോസ്റ്റിനടിയിലാണ് മുദ്രാവാക്യവുമായി നിരവധിപേരെത്തിയത്. രാജസ്ഥാനിലേയും മദ്ധ്യപ്രദേശിലെയുംപോലെ ചെയ്യരുതെന്നും പാർട്ടിപ്രവർത്തകരുടെയും പൊതുജനത്തിന്റെയും മനസ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നുമുള്ള ഓർമപ്പെടുത്തലും ചിലർ നടത്തിയിട്ടുണ്ട്.

താൻ സീനിയറാണെന്നും,​ 2021ൽ പ്രതിപക്ഷ നേതാവായി തന്നെ പരിഗണിക്കാത്തതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു,​ പരോക്ഷമായി മുഖ്യമന്ത്രി പദത്തിന് തങ്ങൾ യോഗ്യരാണെന്ന തരത്തിലുള്ള പരാമർശങ്ങൾ നേതാക്കൾ നടത്തുന്നുണ്ട്. കെസി വേണുഗോപാ‍ലാണ് കോൺഗ്രസ് വിജയശിൽപിയെന്നും അദ്ദേഹം ഇന്ത്യയിലെ അതികായനായ നേതാവാണെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു. കെസി വേണഗോപാലിന് പിന്തുണയുമായി നിരവധി പ്രവർത്തകരും രംഗത്തുണ്ട്.