സാധാരണ അപ്പം കഴിച്ച് മടുത്തോ? കോട്ടയം സ്‌പെഷ്യൽ 'പുളിച്ച അപ്പം' ട്രൈ ചെയ്യാം

Thursday 07 May 2026 1:38 PM IST

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് അപ്പം. അത്താഴത്തിനും അപ്പം കഴിക്കുന്നവരുണ്ട്. സാധാരണ അപ്പം കഴിച്ച് മടുത്തവർക്ക് ട്രൈ ചെയ്യാവുന്ന സ്‌പെഷ്യൽ വിഭവമാണ് പുളിച്ച അപ്പം. കോട്ടയംക്കാർ വിശേഷാവസരങ്ങളിൽ തയ്യാറാക്കുന്ന ഈ വിഭവം അപ്പം പോലെ തന്നെ വെള്ളനിറത്തിലും സോഫ്‌ടായും കാണപ്പെടുമെങ്കിലും നല്ല കനത്തിൽ കട്ടിക്കായാണ് തയ്യാറാക്കുന്നത്. പുളിച്ച അപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  1. അരിപ്പൊടി - അരക്കപ്പ്
  2. പഞ്ചസാര - രണ്ട് ടേബിൾ സ്‌പൂൺ
  3. വെള്ളം - ഒന്നരക്കപ്പ്
  4. ഉഴുന്ന് - അരക്കപ്പ് തലേദിവസം കുതിർത്തത്
  5. ഉപ്പ്
  6. യീസ്റ്റ് - ഒരു ടീ സ്‌പൂൺ (ആക്ടിവേറ്റ് ചെയ്തത്)
  7. ഇളം ചൂടുള്ള പാൽ - അര കപ്പ്
  8. തണുത്ത പാൽ - ഒരു കപ്പ്
  9. വെളിച്ചെണ്ണ - ഒരു കപ്പ്
  10. ചെറിയ ഉള്ളി - ഒരു കപ്പ്
  11. കറിവേപ്പില - കാൽക്കപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ അരിപ്പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറുതീയിൽ തുടർച്ചയായി ഇളക്കി കുറുക്കുണ്ടാക്കണം.
  • കുതിർത്ത ഉഴുന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
  • പാത്രമെടുത്ത് അപ്പം പൊടി, അരച്ച ഉഴുന്ന്, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇതിലേയ്ക്ക് യീസ്റ്റും ഇളം ചൂട് പാലും ചേർത്ത് യോജിപ്പിക്കുക.
  • ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ കുറുക്കും ഒരു കപ്പ് പാലും ചേർത്തിളക്കി കട്ടപിടിക്കാതെ മാവാക്കി മാറ്റുക. ഇത് ഒരു മണിക്കൂർ മാറ്റിവയ്ക്കണം.
  • ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർക്കണം. ഉള്ളി സ്വ‌ർണനിറമാകുന്നതുവരെ വഴറ്റണം.
  • മാവ് പുളിച്ചുകഴിയുമ്പോൾ അപ്പച്ചട്ടിയിൽ മാവ് കട്ടിക്ക് ഒഴിക്കണം. വെന്തു തുടങ്ങുമ്പോൾ വഴറ്റിയ ഉള്ളിയും കറിവേപ്പിലയും വിതറണം. അടിഭാഗം വെന്തുകഴിയുമ്പോൾ മറിച്ചിട്ടതിനുശേഷം പാത്രത്തിലേയ്ക്ക് മാറ്റാം.