ലോറയ്ക്ക് വിമാനത്താവളത്തിൽ സ്നേഹോഷ്മള യാത്രഅയപ്പ്

Thursday 07 May 2026 9:23 PM IST

നെടുമ്പാശേരി: ഒരു പതിറ്റാണ്ടോളം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സുരക്ഷയൊരുക്കിയ സ്‌നിഫർ നായ ലോറയ്ക്ക് സ്നേഹോഷ്മള യാത്രഅയപ്പ്. സ്ഫോടക, ലഹരി വസ്തുക്കൾ മണത്തു കണ്ടുപിടിക്കുന്നതിൽ മിടുക്കിയായിരുന്നു ലോറ. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട ലോറ സിയാലിന്റെ ശ്വാനസേനയിലെത്തുന്നത്. ആറു മാസത്തെ മിലിട്ടറി ക്യാമ്പിലെ പരിശീലനത്തിന് ശേഷമാണ് വിമാനത്താവളത്തിലെത്തുന്നത്. സേവനകാലയളവിൽ വിമാനത്താവള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒട്ടേറെ കേസുകൾ ലോറയുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ കണ്ണൂർ സ്വദേശി കെ. റിജേഷാണ് ലോറയെ കൈകാര്യം ചെയ്തിരുന്നത്. വിരമിച്ച ലോറയെ സി.ഐ.എസ്.എഫിന്റെ അനുമതിയോടെ റിജേഷ് സ്വന്തമാക്കും. ഇതിന് സിയാലിന്റെ കൂടി അംഗീകാരം ലഭിക്കണം.

ലോറയുടെ വിരമിക്കൽ ചടങ്ങ് വിമാനത്താവളത്തിൽ നടന്നു. എയർപോർട്ട് ഡയറക്ടർ ജി. മനു, സി.ഐ.എസ്.എഫ് സീനിയർ കമൻഡാന്റ് നാഗേന്ദ്ര ദേവ്റാരി തുടങ്ങിയവരും സി.ഐ.എസ്.എഫ്, സിയാൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.