വേണം ജാഗ്രത; മഞ്ഞപ്പിത്തം കൂടുന്നു
മലപ്പുറം: വേനൽ കടുക്കുകയും ശുദ്ധജല ലഭ്യത കുറയുകയും ചെയ്തതോടെ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഒരാഴ്ചക്കിടെ 25 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. അലോപ്പതി കൂടാതെ ഇതര ചികിത്സാശാഖകളെ കൂടി സമീപിക്കുന്നവരുടെ എണ്ണമെടുത്താൽ ഇതിന്റെ ഇരട്ടിയോളമുണ്ടാവും. മലിനമായ വെള്ളത്തിലൂടെയാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. പലപ്പോഴും രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളകളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവാറുള്ളത്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടിയില്ലെങ്കിൽ മരണത്തിന് വരെ മഞ്ഞപ്പിത്തം കാരണമായേക്കാം. കൃത്യമായ വിശ്രമവും രോഗശമനത്തിന് അനിവാര്യമാണ്.
വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ദിവസം 1,346 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പത്ത് ദിവസത്തിനിടെ 8,524 പേർ ചികിത്സ തേടിയിട്ടുണ്ട്. ക്ലിനിക്കുകളിലും അലോപ്പതി ഇതര ചികിത്സ തേടുന്നവരുടെയും എണ്ണവും കൂടാതെയാണ് ഈ കണക്ക്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ പനി വിവരങ്ങൾ മാത്രമാണ് കൃത്യമായി രേഖപ്പെടുത്താറുള്ളത്. വേനൽ മഴ ശക്തമാകുന്നതോടെ പനിബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യതയുമുണ്ട്. പനിക്ക് പിന്നാലെ ഏറെനാൾ നീണ്ടുനിൽക്കുന്ന ചുമയും കഫക്കെട്ടുമാണ് രോഗികളെ വലയ്ക്കുന്നത്.
ഡെങ്കിൽ ആശ്വാസം
- ജില്ലയിൽ ഡെങ്കി, എലിപ്പനി രോഗങ്ങൾ കുറഞ്ഞത് ആശ്വാസകരമാണ്. പത്ത് ദിവസത്തിനിടെ മൂന്ന് ഡെങ്കിപ്പനി മാത്രമാണ് സ്ഥിരീകരിച്ചത്. പുളിക്കൽ, മംഗലശ്ശേരി, താഴേക്കോട് എന്നിവിടങ്ങളിലാണിത്. മുതുവല്ലൂരിൽ ഒരു എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- ഡെങ്കിയെ കാര്യമായി അമർച്ച ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ രോഗ വ്യാപനത്തിനുള്ള സാഹചര്യമൊരുക്കുന്നുണ്ട്.
- പരിസര ശുചീകരണത്തിൽ അലംഭാവം പുലർത്തിയാൽ ഡെങ്കി കൊതുകൾ പെരുകുന്നതിന് വഴിയൊരുക്കും. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനിൽക്കുന്നതും ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്ക് അനുകൂലമാണ്.
- വീടിന് പുറത്ത് മാത്രമല്ല വീട്ടകങ്ങളിലും പ്രത്യേകിച്ചും ഫ്രിഡ്ജുകളുടെ അടിഭാഗം, ചെടിച്ചട്ടികൾ തുടങ്ങിയ ഇടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
8,524 : പത്ത് ദിവസത്തിനിടെ പനിബാധിച്ചവർ
24: ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയവർ