തട്ടാരമ്പലത്തെ സിഗ്നൽ ലൈറ്റ് നോക്കുകുത്തി
മാവേലിക്കര: തട്ടാരമ്പലം ജംഗ്ഷനിലെ സിഗ്നൽ സംവിധാനം അപാകത പരിഹരിച്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. തട്ടാരമ്പലം ജംഗ്ഷൻ നവീകരിച്ച് റൗണ്ട് എബൗട്ടേൺ സംവിധാനം ഏർപ്പെടുത്തിയശേഷം സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പുക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ 10 ദിവസം മുമ്പ് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമാക്കിയിരുന്നതാണ്. എന്നാൽ സിഗ്നൽ സംവിധാനത്തിൽ ഏർപ്പെടുത്തിയ സമയക്രമത്തിലെ അശാസ്ത്രീയത കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്തു.
ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സമയം വൈകുന്നതിനാൽ സ്വകാര്യ ബസുകൾ സ്റ്റാന്റിൽ കയറാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലി വഴക്കും പതിവായിരുന്നു. വലിയ ഗതാഗതക്കുരുക്ക് ഇല്ലാതെ വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നിടത്ത് അശാസ്ത്രീയമായി സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയതോടെ വാഹന ഗതാഗതം താറുമാറാകുകയായിരുന്നു.
അശാസ്ത്രീയമെന്ന് ആരോപണം
ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം വീണ്ടും നോക്കുകുത്തിയായിരിക്കുകയാണ്.
എല്ലാ വശത്തേക്കും ഫ്രീ ലെഫ്റ്റിന് സ്ഥലമില്ലാത്ത ജംഗ്ഷനിൽ സിഗ്നൽ ഏർപ്പെടുത്തിയത് പഠനം നടത്താതെയാണെന്ന് ആരോപണം ഉയർന്നിരുന്നു
ട്രാഫിക് അഡ്വൈസറി കമ്മറ്റി വിളിച്ച് ചേർത്ത് ശാസ്ത്രീയമായി സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്
തട്ടാരമ്പലത്തിലെ ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയത് മുതൽ സ്വകാര്യ ബസുകൾക്ക് സമയം പാലിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബസുകൾ മാവേലിക്കരയിൽ എത്താൻ വൈകുന്നത് കാരണം വൈകി വരുന്ന ബന്ധുകൾ സ്റ്റാൻഡിൽ കയറ്റാൻ കഴിയാറില്ലായിരുന്നു. താമസിച്ചോടുന്നത് കാരണം മറ്റ് ബസ് ജീവനക്കാരുമായും യാത്രക്കാരുമായും നിരന്തരം തർക്കവും പതിവായിരുന്നു. സിഗ്നൽ സംവിധാനം നടപ്പിലാക്കുകയാണെങ്കിൽ ടൈമിംഗ് ശാസ്ത്രീയമായി ക്രമീകരിക്കണം.
- പാലമുറ്റത്ത് വിജയകുമാർ, ജില്ലാ പ്രസിഡന്റ്,
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്ന്ന് അസോസിയേഷൻ
ട്രാഫിക് സിഗ്നൽ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് അടിയന്തിരമായി ട്രാഫിക് അഡ്വൈസറി കമ്മറ്റി വിളിച്ചുകൂട്ടുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണ് കത്ത് നൽകിയിട്ടുണ്ട്. സിഗ്നൽ സംവിധാനത്തിലെ ടൈമിംഗ് ശാസ്ത്രീയമായി പരിഹരിക്കുക, തട്ടാരമ്പലം ജംഗ്ഷന് തെക്കുപടിഞ്ഞാറ് വശമുള്ള ഹമ്പുകൾ നീക്കം ചെയ്യുക, ടൈമർ സ്ഥാപിക്കുക, ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുക, പാർക്കിംഗ്, നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
- സി.സുരേഷ്, വാർഡ് കൗൺസിലർ