അണപ്പാട്-ഇടത്തറ റോഡിൽ പൈപ്പ് പൊട്ടിയൊഴുകുന്നു

Saturday 09 May 2026 1:55 AM IST

മലയിൻകീഴ്: അണപ്പാട്-ഇടത്തറ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി പ്രദേശത്താകെ വെള്ളക്കെട്ട്. അടുത്തിടെ ടാർ ചെയ്ത ഈ റോഡിലാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കുടിവെള്ളം പാഴാകുന്ന വിവരം വാട്ടർ അതോറിട്ടിയെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അണപ്പാട് ഇടത്തറ ഊരുട്ടമ്പലം റോഡിൽ പുതുതായി ടാറ് ചെയ്ത റോഡിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.

ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ചിട്ട പൈപ്പാണ് പൊട്ടിയത്. വേനലിൽ ജലലഭ്യത കുറവാകുന്ന സമയത്തും കുടിവെള്ളം പാഴാകുന്നത് തടയാൻ വാട്ടർ അതോറിട്ടി അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. എന്നാൽ പാഞ്ഞൊഴുകുന്ന വെള്ളം ടാറിന് ഭീഷണിയാകുന്നുണ്ട്.ചില സ്ഥലങ്ങളിൽ ടാർ ഇളകിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ചോർച്ച പരിഹരിക്കാൻ വൈകുന്നു

ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകാവുന്ന ഈ പഞ്ചായത്ത് റോഡിലെ പൈപ്പ് പൊട്ടൽ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

മലയിൻകീഴ് ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് ദിവസങ്ങളെടുത്താണ് പരിഹരിച്ചത്. മലയിൻകീഴ് ഊരൂട്ടമ്പലം റോഡിൽ എള്ളുമല ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ഈ ഭാഗത്തെ ചോർച്ച മാറ്റാൻ കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. ഈ റോഡിൽ സി.എസ്.ഐ പള്ളിക്ക് സമീപത്തും അണപ്പാട് ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. വാട്ടർ അതോറിട്ടി അധികൃതരെത്തി ചോർച്ച മാറ്റി പോകുന്നതിന് പിന്നാലെ വീണ്ടും പൈപ്പ് പൊട്ടുന്നതും പതിവായിട്ടുണ്ട്.

പോങ്ങുംമൂട്-ചീനിവിള റോഡിൽ പൈപ്പ് പൊട്ടാത്ത സ്ഥലങ്ങൾ കുറവാണ്. പൈപ്പ് സ്ഥാപിക്കുന്നതിലെ അപാകതയാണ് പൈപ്പ് പൊട്ടാൻ കാരണം. പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.