കണ്ടത് അന്യഗ്രഹ പേടകങ്ങളോ? ഞെട്ടിപ്പിക്കുന്ന ആ​ രഹസ്യം പുറത്തു വിട്ട് അമേരിക്ക

Saturday 09 May 2026 10:57 AM IST

വാഷിംഗ്‌ടൺ : യു.എഫ്.ഒകളെയും അന്യഗ്രഹ ജീവനെയും കുറിച്ചുള്ള രഹസ്യ ഫയലുകൾ പുറത്ത് വിട്ട് അമേരിക്ക. 1940-കൾ മുതലുള്ള യു.എഫ്‌.ഒ റിപ്പോർട്ടുകളാണ് പുറത്തുവിട്ട ഫയലിലുള്ളത്. ആദ്യഘട്ട വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

ഇതൊരു വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ട്രംപ്, മുൻ സർക്കാരുകൾ ഫയലുകൾ പുറത്തുവിടുന്നതിൽ പരാജയപ്പെട്ടുവെന്നും പുതിയ രേഖകളിലൂടെ ആകാശത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.

1947-ലെ പറക്കും തളികകളെ കുറിച്ചുള്ള റിപ്പോർട്ട്, 1969-ലെ അപ്പോളോ 12 ചന്ദ്രോപരിതലത്തിൽ നിന്ന് പകർത്തിയ അജ്ഞാത പ്രതിഭാസത്തിന്റെ ചിത്രം,​ 1972-ലെ അപ്പോളോ 17 ക്രൂ കണ്ട അജ്ഞാത വസ്തുവിനെ കുറിച്ചുള്ള സംഭാഷണങ്ങൾ എന്നിവയാണ് യുഎസ് പുറത്തുവിട്ട ഫയലിലുള്ളത്. വെള്ളിയാഴ്ച പുറത്തുവിട്ട 160 ഓളം ഫയലുകളിൽ അന്യഗ്രഹ ജീവന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് നിർണ്ണായകമായ തെളിവുകളൊന്നുമില്ലെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടികാട്ടുന്നത്.

അതേസമയം പുറത്തു വിട്ട ചിത്രങ്ങൾ ചന്ദ്രോപരിതലത്തിലെ ഉൽക്കാപതനങ്ങളുടേതാണോ എന്ന് പലരും സംശയിക്കുന്നുണ്ട്. രേഖകൾ പുറത്തുവിട്ടതിനു പിന്നിൽ നിലവിലെ രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ട്രംപിന്റെ ശ്രമമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പുറത്തുവിട്ട ഫയലുകളിൽ പുതുതായി ഒന്നുമില്ലെന്നും വിഡിയോകളിൽ കാണുന്ന രൂപങ്ങൾ ക്യാമറ ലെൻസിന്റെ സാങ്കേതിക തകരാറുകളോ ദൂരെയുള്ള പ്രകാശ ബിന്ദുക്കളോ ആകാനാണ് സാദ്ധ്യതയെന്നും യു.എ.പി ഇൻവെസ്റ്റിഗേറ്റർ മിക് വെസ്റ്റ് പറഞ്ഞു.