സ്വപ്നത്തിൽ മാഞ്ഞുപോയ സ്നേഹം
ഉച്ചമയക്കത്തിൽ നിന്ന് ഉണരാതെ ഹിമഗിരിയുടെ സ്വപ്നങ്ങളിലേക്ക് മറഞ്ഞുപോവുകയായിരുന്നു പി.സി. റോയി. ഇക്കഴിഞ്ഞ ഏപ്രിൽ 21-നു വൈകുന്നേരം ഇരുട്ടു വീണുതുടങ്ങിയപ്പോഴാണ് ആ വിയോഗവിവരം, ഗുരുനാഥൻ കൂടിയായ റോയിയുടെ സഹോദരൻ ഡോ. പി. സി. സലിം അറിയിച്ചത്. ഓർമ്മകൾ കാലപ്രവാഹംപോലെ കടന്നുപോകുന്നു. പല സന്ദർഭങ്ങളിൽ പല പ്രകാരങ്ങളിൽ റോയി പകർന്നുതന്ന ആഹ്ലാദത്തിന്റെയും സ്‌നേഹത്തിന്റെയും നിറപ്പകിട്ടുകൾ തെളിഞ്ഞുവരുന്നു.
കാര്യവട്ടം ക്യാമ്പസിൽ ഒരു ഗവേഷണ വിദ്യാർത്ഥിയായി പ്രവേശിച്ച സന്ദർഭത്തിലാണ് റോയിയെ കൂടുതൽ അടുത്തറിഞ്ഞത്. അന്ന് അദ്ദേഹം സി.വിയെയും ബഷീറിനെയും ഒ.വി. വിജയനെയും വി.കെ.എന്നിനെയും മുൻനിറുത്തി മലയാള നോവലിലെ ഹാസ്യദർശനത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു. പിന്നീട് കണ്ണൂർ, ഷൊർണൂർ, നാട്ടിക, ചേർത്തല, കൊല്ലം വിമൻസ് തുടങ്ങിയ ശ്രീനാരായണ കോളജുകളിലെ അദ്ധ്യാപന സേവനത്തിലൂടെ കടന്ന്, അവസാനം എന്റെകൂടി സഹപ്രവർത്തകനായി കൊല്ലം എസ്. എൻ കോളേജിലെത്തി. ഗവേഷണ മാർഗദർശിയും അസോസിയേറ്റ് പ്രൊഫസറുമായി 2019-ലാണ് വിരമിച്ചത്.
ഒരു മനുഷ്യനെന്ന നിലയിൽ റോയിയുടെ മഹിമയുടെ ആധാരം അദ്ദേഹം ലോകത്തോട് പുലർത്തിയിരുന്ന നിരുപാധികമായ സ്‌നേഹമായിരുന്നു. ആ സ്‌നേഹം അനുഭവിച്ചിട്ടുള്ളവർക്ക് അതു മനസിലാകും. ഉറച്ച ബോദ്ധ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, ഭിന്നാഭിപ്രായമുള്ളവരെ ശത്രുക്കളായി കാണാൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. എല്ലാ മനുഷ്യരിലും സ്‌നേഹയോഗ്യമായ എന്തെങ്കിലും റോയി കണ്ടെത്തി. അവരുടെ നിലപാടുകളോട് വിയോജിച്ചപ്പോഴും അവരെ സ്‌നേഹിച്ചു. അതുല്യമായ അറിവിന്റെയും അദ്ധ്യാപന വൈഭവത്തിന്റെയും ഉടമയായിരുന്നപ്പോഴും റോയി അല്പംപോലും അഹംഭാവിയായില്ല.
അത്യന്തം ബലിഷ്ഠമായ ഒരു വൈജ്ഞാനിക ജീവിതമായിരുന്നു റോയിയുടേത്. അതോടൊപ്പം അദ്ദേഹം ക്ലാസ് മുറിയിലെ ഏറ്റവും നല്ല അദ്ധ്യാപകനും മികച്ച പ്രഭാഷകനുമായിരുന്നു. അദ്ധ്യാപനം റോയിക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും കല കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ധൈഷണികതയുടെയും ഉയർന്ന ആവിഷ്‌കാരം റോയിയുടെ സാഹിത്യ വിമർശന പുസ്തകങ്ങളിൽ കാണാം. എഴുത്തിൽ ഓരോ വാക്കിലൂടെയും സൂക്ഷ്മതയോടെയാണ് അദ്ദേഹം സഞ്ചരിച്ചത്. ഏത് വായനാനുഭവത്തെയും വൈകാരികവും സർഗാത്മകവുമായ പരിസരത്തിൽ പരിശോധിക്കാനും തന്റെ ആസ്വാദനതലത്തിൽ വിലയിരുത്താനുമുള്ള കഴിവ് അദ്ദേഹം പുലർത്തിയിരുന്നു.
വി. കെ. എൻ ഫലിതങ്ങൾ, ചിരിയുടെ പിതാമഹൻ, വിമർശന കലയിലെ അപ്പൻ വഴി, ഏകാകിയുടെ വിരുന്ന്, ഹിമഗിരിയുടെ സ്വപ്നം തുടങ്ങിയ പുസ്തകങ്ങളും ആനുകാലികങ്ങളിലെ നിരവധി ലേഖനങ്ങളും റോയിയുടെ വിമർശന പ്രതിഭയെ അടയാളപ്പെടുത്തുന്നു. സിദ്ധാന്തങ്ങളെയോ പ്രസ്ഥാനങ്ങളെയോ മുൻനിറുത്തിയുള്ള നിരൂപണങ്ങൾക്കു പകരം, ക്ലാസിക് കൃതികളെ ഒറ്റയ്ക്കെടുത്തു വായിക്കുന്ന രീതിയാണ് പി.സി. റോയി സ്വീകരിച്ചത്. സി.വിയുടെയും ചന്തുമേനോന്റെയും വി.കെ.എന്നിന്റെയും നോവലുകളെ പഠിക്കാൻ പി. സി. റോയിയെ പ്രേരിപ്പിച്ചത് ഈ മനോഭാവമാണ്.
'നളിനിയിലെ അതിമാനുഷ ദുരന്തം" എന്ന ലേഖനത്തിൽ, കുമാരനാശാന്റെ കവിതകളുടെ ഏറ്റവും വലിയ ദുരന്തം, അത് ഇന്നും യാഥാസ്ഥിതിക വിമർശകരുടെ നീരാളിപ്പിടിത്തത്തിൽ സ്വാതന്ത്ര്യം കാത്തുകിടക്കുന്നു എന്നതാണ് എന്ന നിരീക്ഷണം ഏറെ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. ഒരേസമയം ദുരന്തവും ചിരിയും സൃഷ്ടിച്ചുകൊണ്ട് അയ്യപ്പപ്പണിക്കരുടെ ജീനിയസ് നമ്മെ നിരന്തരം കബളിപ്പിക്കുന്നതിനെക്കുറിച്ച് 'പതിമൂന്നാമൻ പണിക്കർ" എന്ന ലേഖനത്തിൽ റോയി ഓർമ്മിപ്പിക്കുന്നുണ്ട്.
വിമർശനത്തിന്റെ വാമൊഴിയിൽ പറയാൻ സ്വന്തമായി എന്തെങ്കിലുമുണ്ടെന്ന് തെളിയിക്കുന്ന ലേഖന സമാഹാരമാണ് 'ഹിമഗിരിയുടെ സ്വപ്നം" എന്ന വിമർശന ഗ്രന്ഥം. വിമർശനത്തിലെ അപനിർമ്മിതിയുടെ ഒരു പ്രായോഗിക രീതിശാസ്ത്രത്തിന് ഉദാഹരണമാണ് 'ഇന്ദുലേഖയിലെ രചനാതന്ത്രം" എന്ന ലേഖനം. സമൂഹത്തിലും ഭാഷയിലും സംസ്‌കാരത്തിലും വന്ന മാറ്റങ്ങൾ ഇന്ദുലേഖയിലെ പുനർവായനയുമായി താദാത്മ്യം പ്രാപിക്കുന്നത് ഇവിടെ കാണുന്നു. 'ഇന്ദുലേഖ"യിലെയും 'ശാരദ"യിലെയും കഥാപാത്രസൃഷ്ടികൾ കാരിക്കേച്ചറുകളെയാണ് ഓർമ്മിപ്പിക്കുന്നത് എന്ന നിരീക്ഷണം സമകാല ഹാസ്യഭാവനയിൽ നിന്ന് ഉയിർകൊള്ളുന്നതാണ്.
സംവേദനത്തിന്റെ അദൃശ്യമായ അടരുകൾ ആസ്വദിക്കാൻ തക്കവിധത്തിൽ വായനക്കാരെ പ്രേരിപ്പിക്കാൻ ഈ വിമർശകന് കഴിയുന്നു. ഒരേ കൃതിയെ പല കാലങ്ങളിൽ വായിക്കുമ്പോൾ സംഭവിക്കുന്ന ഭാവുകത്വ പരിണാമം 'ഇന്ദുലേഖയുടെ രചനാതന്ത്ര"ത്തിൽ കാണാം. സാഹിത്യകൃതിയുടെ ഉള്ളിൽ നിന്നുകൊണ്ട് അതിനെ അഴിച്ചുപണിയുന്ന ആവിഷ്‌കരണ കൗശലത്തിന് ഉദാഹരണമാണ് ഈലേഖനം.
വായനയുടെ
സ്വരാജ്യം
സാഹിത്യചരിത്രത്തിന്റെയും സൗന്ദര്യാത്മകതയുടെയും ലോകത്ത് തന്റേതായ ലാവണ്യബോധം പകരുക എന്നതാണ് വിമർശകർ ചെയ്യുന്നത്. തന്റെ കൃതികളിലൂടെ വിവിധ രുചിക്കൂട്ടുള്ള വായനയുടെ ഒരു സ്വരാജ്യം സ്ഥാപിക്കാനാണ് പി.സി. റോയി ശ്രമിച്ചത്. സാഹിത്യകൃതികളുടെ ആന്തരിക ലോകത്തെ പ്രതിദ്ധ്വനിപ്പിക്കാൻ റോയിയുടെ ഭാഷയ്ക്ക് കഴിയുന്നുണ്ട്. പരിചയസമ്പന്നനായ ചിത്രകാരൻ തന്റെ ക്യാൻവാസിലെ നേർരേഖയ്ക്കുപോലും കലാപരമായ സൗന്ദര്യം നൽകുന്നതുപോലെ, താൻ ഉപയോഗിക്കുന്ന ഏത് വാക്കുകൾക്കും ബിംബങ്ങൾക്കും സവിശേഷമായ അർത്ഥത്തിന്റെ നിറം പകരാൻ ഈ വിമർശകൻ ശ്രദ്ധിക്കാറുണ്ട്.
കൃത്രിമത്വം നിറഞ്ഞ ഭാഷയല്ല റോയിയുടേത്. ദാർശനികമായ ഉൾക്കാഴ്ചകൾ നൽകുന്ന ഭാഷയുടെ സൗന്ദര്യം റോയിയുടെ മിക്ക ലേഖനങ്ങൾക്കും പരഭാഗശോഭയേകുന്നുണ്ട്. സർഗാത്മകത എന്ന വാക്ക് റോയിയുടെ ലേഖനങ്ങളിലെമ്പാടും നിർലോപം കടന്നുവരുന്നുണ്ട്. നാടകം ഭക്ഷിച്ചു ജീവിച്ച ശങ്കരപ്പിള്ള, ഫലിതത്തിന്റെ കുതിരശക്തി, മലയാളഭാവനയുടെ കലികാലപീഠം, പയ്യൻ എന്ന മഹാമേരു, കൗമാരത്തിന്റെ ഏഴര വെളുപ്പ്, പ്രണയത്തിന്റെ രാധാമാധവം തുടങ്ങിയ ബിംബങ്ങൾ റോയിയുടെ സർഗാത്മകഭാഷ കരുത്തു നേടിയതിന്റെ ഉദാഹരണങ്ങളാണ്.
ആശയങ്ങളുടെയും നിരീക്ഷണങ്ങളുടെയും നിബിഡസൗന്ദര്യമുള്ള വാക്കുകളിലാണ് റോയി എഴുതിയത്. അദ്ദേഹം പകർന്നുതന്ന അഗാധമായ സ്‌നേഹത്തിന്റെ തുടിപ്പുകൾ മരണത്തിനു ശേഷവും റോയിയുടെ പുസ്തകങ്ങളിൽ മുഴങ്ങുന്നു. 'മലയാള നോവലിലെ ഹാസ്യദർശനം" എന്ന വിമർശന ഗ്രന്ഥത്തിന്റെ പണിപ്പുരയിൽ ഇരിക്കുമ്പോഴാണ് ഉന്നതമായ ധൈഷണികതയും അനന്യമായ സർഗാത്മകതയും ബാക്കിവച്ച് പി. സി. റോയി വിടവാങ്ങിയത്. വളരെ കുറച്ചുമാത്രം എഴുതാനുള്ള അനുമതിയേ പി.സി. റോയിക്ക് പ്രകൃതി നൽകിയുള്ളൂ. എന്നാൽ, എഴുതിയതെല്ലാം ഗംഭീരമായിരുന്നു.
(കൊല്ലം എസ്.എൻ. കോളേജ്, കൊല്ലം എസ്.എൻ. വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ആണ് ലേഖകൻ. ഫോൺ: 9387500997)
.