സ്കൂൾ വിപണിയുണർന്നു ദേ.....ഡോറയും സ്പെെഡർമാനും
കോഴിക്കോട്: ഡോറയുടേയും സ്പെെഡർമാന്റേയും ബാഗുകൾ വിട്ടൊരു കളിയുമില്ല. പക്ഷേ ഇതിലേതെടുക്കുമെന്ന ആശങ്കയാണ് കുരുന്നുകൾ. നിറക്കുടകളും വാട്ടർ ബോട്ടിലുകളും സ്വന്തമാക്കാൻ കുട്ടിക്കൂട്ടങ്ങൾ മാതാപിതാക്കൾക്കൊപ്പമെത്തിയതോടെ നഗരത്തിലെ സ്കൂൾ വിപണി ഉഷാറായി. ഏസ്തെറ്റിക് ഡിസൈനിലുള്ള വാട്ടർ ബോട്ടിലുകളും ട്രെൻഡി ലഞ്ച് ബോക്സുകളും പെൻസിൽ പൗച്ചുകളും കുട്ടികളുടെ മനം കവരുകയാണ്. കാർട്ടൂൺ കാഥാപാത്രങ്ങളുള്ള പ്രിന്റഡ് ബാഗുകൾക്ക് വില അൽപ്പം കൂടുതലാണെങ്കിലും ആവശ്യക്കാരേറെയാണ്. മുതിർന്ന കുട്ടികൾക്കുള്ള വിവിധ ബ്രാൻഡുകളുടെ ബാഗുകളുമുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളുടെ നെയിം സ്ലിപ്പുകളും കുട്ടികളുടെ ഇഷ്ടങ്ങളിലൊന്നാണ്. നോട്ടുബുക്കുകൾ പൊതിയാനുള്ള വിവിധ നിറത്തിലുള്ള പേപ്പറുകൾക്കും ആവശ്യക്കാരുണ്ട്.
വില
ബാഗുകൾ...............200 മുതൽ
കാർട്ടൂൺ ബാഗുകൾ........500 മുതൽ
ടിഫിൻ ബോക്സ്...................... 300 -1000
വാട്ടർ ബോട്ടിൽ...................100 മുതൽ
ചെറിയ നോട്ട് ബുക്ക്........30 മുതൽ
വലുത്................50 മുതൽ
കുടകൾ.............400 മുതൽ
വിലക്കുറവിൽ
പൊതുവിപണിയിലുള്ളതിനേക്കാൾ 20 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിലാണ് കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം സ്കൂൾ മാർക്കറ്റൊരുക്കിയിട്ടുള്ളത്. മേയ് ഒന്നിനാരംഭിച്ച മേള ജൂൺ രണ്ടാംവാരം വരെയുണ്ടാകും. ആദായ വിലയായതിനാൽ ദിവസേനേ നിരവധി പേരാണ് ഇവിടെയത്തുന്നത്. കൂടാതെ മിഠായിത്തെരുവിലെ ഒയാസിസ് കോപ്ലക്സിലും ആളുകൾ തിങ്ങി നിറയുകയാണ്.
കൺസ്യൂമർഫെഡ് മെഗാസ്റ്റുഡന്റ് മാർക്കറ്റ്' ഇന്ന് മുതൽ
മിതമായ നിരക്കിൽ നോട്ട് ബുക്കുകളും മറ്റ്പഠനോപകരണങ്ങളും ലഭ്യമാക്കുന്നതിനായി മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ കൺസ്യൂമർഫെഡ് ഒരുക്കുന്ന 'ത്രിവേണി മെഗാസ്റ്റുഡൻ്റ്സ് മാർക്കറ്റ്' ഇന്ന് പ്രവർത്തനസജ്ജമാകും. രാവിലെ 10 ന് ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മാർക്കറ്റിന്റെ ഉദ്ഘാടനവും, ജില്ലയിലെ സ്റ്റുഡൻ്റ്സ് മാർക്കറ്റുകളുടെ ജില്ലാതല ഉദ്‌ഘാടനവും നിർവഹിക്കും. ആദ്യവില്പന കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.മെഹബൂബ് നിർവഹിക്കും. ത്രിവേണി നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, കുടകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും ലഭ്യമാകും. യഥേഷ്‌ടം തിരഞ്ഞെടുക്കാൻ കഴിയും വിധം പഠനോപകരണങ്ങൾ ഉൾപ്പെടെ എല്ലാം പ്രത്യേകമായാണ് ഒരുക്കിയിരിക്കുന്നത്. മുതലക്കുളത്തെ മാർക്കറ്റിന് പുറമേ പുറമേ ജില്ലയിലെ 10 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സ്റ്റുഡൻസ്മാർക്കുകൾ പ്രവർത്തിക്കും.