വരുമ്പോൾ ഒന്നിച്ച്, പിന്നെ മണിക്കൂറുകളുടെ ഇടവേള
ട്രെയിൻ സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: മലബാർ റൂട്ടിലോടുന്ന ട്രെയിനുകൾക്കിടയിലെ വലിയ ഇടവേള യാത്രക്കാരെ വലയ്ക്കുന്നു. ഇതു പരിഗണിച്ച് ട്രെയിനുകളുടെ സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം ശക്തം. വരുമ്പോൾ എല്ലാ ഒന്നിച്ച് വരും. പിന്നെ മണിക്കൂറുകൾ ട്രെയിനില്ലാത്ത സ്ഥിതിയാണുള്ളത്. രാവിലെ അഞ്ചിന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂരിലേക്കുള്ള മെമു പോയാല്‍ പിന്നെയുള്ളത് ചെന്നൈ- മംഗളുരു മെയിലും യശ്വന്ത്പുര - കണ്ണൂര്‍ ട്രെയിനുമാണ്. ചെന്നെെ - മംഗലാപുരം രാവിലെ ഏഴരയോടെ കോഴിക്കോട്ടെത്തും. പിന്നാലെ യശ്വന്ത്പുര-കണ്ണൂർ ട്രെയിനും. യശ്വന്ത്പുരയ്ക്ക് സ്റ്റോപ്പ് കുറവാണ്. എന്നിട്ടും ചെന്നെെ-മംഗലാപുരത്തിന് പിന്നാലെ ഇഴയുകയാണ് പതിവ്. സേലം മുതല്‍ ഇവ രണ്ടും ഒപ്പമാകുന്നു. ഇത് കഴിഞ്ഞാൽ പിന്നെ കണ്ണൂർ, മംഗലാപുരം ഭാഗത്തേക്ക് ട്രെയിൻ കിട്ടാൻ ഒന്നര മണിക്കൂർ കഴിയണം. തൃശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ എക്സ്പ്രസ്, കോയമ്പത്തൂര്‍ - മംഗളുരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എന്നിവയാണ് തൊട്ടു പിന്നിലെത്തുക. ഇതില്‍ നേരത്തെ ഷൊർണൂരിലെത്തുന്ന ത്യശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ഇന്റര്സിറ്റികള്ക്കായി പിടിച്ചിടുന്നു. ഈ ട്രെയിൻ മണിക്കൂറുകൾ വെെകിയോടാറുണ്ട്. ബഫര്‍ സമയമുള്ളതു കൊണ്ട് കണ്ണൂരിലെത്തുമ്പോള്‍ റെയിൽവെയുടെ കണക്കിൽ 'റെെറ്റ് ടെെം' ആയിരിക്കും. ഹ്രസ്വദൂര, പ്രതിദിന യാത്രക്കാർ പ്രധാനമായും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. പിന്നെ രണ്ട് മണിക്കൂര്‍ കഴിയണം ഏറനാടും കോയമ്പത്തൂര്‍-മംഗളുരു പാസഞ്ചര്‍ എക്സ്പ്രസുമെത്താൻ. വെെകിട്ട് കണ്ണൂർ ഭാഗത്തു നിന്ന് കോഴിക്കോട്, ഷൊർണൂർ ഭാഗത്തേക്കും ഇതേ സ്ഥിതിയുണ്ട്.
തീർത്ഥാടകരെയും പരിഗണിക്കണം
ട്രെയിൻ സമയത്തിലും മറ്റും ഭേദഗതി നിർദ്ദേശങ്ങൾ യാത്രക്കാർ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിലൊന്നാണ് മംഗളുരു - ഷൊർണൂർ മെമു സർവീസ് പരിഗണിക്കണമെന്നത്. മംഗളുരു - രാമേശ്വരം ട്രെയിനും മംഗളുരു - തിരുനെൽവേലി ട്രെയിനും ട്രൈ വീക്ക്ലി സർവീസാക്കിയാൽ മലബാറിലെ തീർത്ഥാടന യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നും നിർദ്ദേശമുണ്ട്.
ട്രെയിനുകൾ ഒരുമിച്ചു പോവുകയും പിന്നീട് ദീർഘനേരം കാത്തിരിക്കുകയും ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നു. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കണം.
മുനീർ കുറുമ്പടി, ചെയർമാൻ, മലബാർ റയിൽ യൂസേഴ്സ് ഫോറം
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം: പ്രവൃത്തികൾ വിലയിരുത്തി ദക്ഷിണ റെയിൽവേ എ.ജി.എം
കോഴിക്കോട്: 472.96 കോടി ചെലവിൽ ലോകോത്തര നിലവാരത്തിൽ പുനർനിർമിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിയുടെ പുരോഗതി ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻ കുമാർ നേരിട്ടെത്തി വിലയിരുത്തി. നിശ്ചിത സമയത്തിനകം പദ്ധതി പൂർത്തിയാക്കാൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. സ്റ്റേഷനിലെ വിവിധ വികസന പദ്ധതികളും സംഘം വിലയിരുത്തി. ഗുണനിലവാരം, സുരക്ഷ, സമയബന്ധിത പൂർത്തീകരണം എന്നിവ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് ഉൾപ്പെടെയുള്ള മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനും റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനുമുള്ള ദക്ഷിണ റെയിൽവേയുടെ പദ്ധതികളുടെ ഭാഗമായാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.