ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂളുകളുടെ നെട്ടോട്ടം
കണ്ണൂർ: അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂൾ അധികൃതർക്ക് നെട്ടോട്ടം. ഈ വർഷം മുതൽ ഫിറ്റ്‌നെസ് ലഭിക്കുന്നതിന് കെ.എസ്.ഇ.ബി, അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, മോട്ടർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകൾ സ്‌കൂളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്.
ജില്ലയിൽ പല വകുപ്പുകളിലും സമയബന്ധിതമായി പരിശോധന നടത്തുന്നതിന് മതിയായ ജീവനക്കാരും വാഹനങ്ങളുമില്ലാത്ത അവസ്ഥയാണ്. പരിശോധനയുടെ ഭാഗമായി നിർദ്ദേശിക്കപ്പെടുന്ന സുരക്ഷാ മുൻകരുതലുകൾ ഒരുക്കാൻ സ്‌കൂളുകൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുമുണ്ട്. അറ്റകുറ്റപ്പണി 30നുള്ളിൽ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്നാൽ ജില്ലയിൽ വിവിധ വകുപ്പുകൾ പരിശോധന തുടങ്ങുന്നതേയുള്ളു. സ്കൂളുകളിൽഅറ്റകുറ്റപ്പണിയും പരിസര ശുചീകരണവും നടത്തി വരികയാണ്.
തീപിടിത്ത സാദ്ധ്യതയില്ലെന്ന എൻ.ഒ.സി അഗ്‌നിരക്ഷാസേന നൽകണം. സ്‌കൂളിൽ അഗ്‌നിരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരിക്കണം. ഇവ ഉപയോഗിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കണം. എന്നാൽ, ഇത്തരം ഉപകരണങ്ങൾ സ്‌കൂളുകളിലില്ല എന്നതാണ് പല സ്കൂളുകളും നേരിടുന്ന പ്രശ്നം. പല സ്‌കൂളുകളിലേക്കും ഫയർ എൻജിൻ കയറാനാകുന്ന തരത്തിലുള്ള വഴിപോലുമില്ല. ഇവയ്ക്ക് എന്തു റിപ്പോർട്ട് നൽകുമെന്ന ആശയക്കുഴപ്പത്തിലാണ് സേനാ ഉദ്യോഗസ്ഥർ.
വനം വകുപ്പ് ക്ലിയറൻസും
പാമ്പ് ഭീഷണി കൂടിയതോടെ അന്തിമ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ മുതൽ വനം വകുപ്പ് ക്ലിയറൻസും നിർബന്ധമാക്കിയിട്ടുണ്ട്. സ്‌കൂൾ അധികൃതർ ഓരോ ജില്ലയിലെയും സാമൂഹിക വനവത്ക്കരണ വിഭാഗം മേധാവിക്ക് പരിശോധനയ്ക്കായി അപേക്ഷ നൽകണം. എല്ലാ സ്‌കൂളിലെയും രണ്ട് ജീവനക്കാരുടെ മൊബൈലുകളിൽ സർപ്പ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദേശമുണ്ട്.
സുരക്ഷയ്ക്കായി കർശന പരിശോധന
1.പാമ്പു കയറിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ദിവസവും പ്രവൃത്തി സമയത്തിനു മുൻപ് ക്ലാസ് മുറികളിൽ പരിശോധന നടത്തണം. വളപ്പിലെ കാടും പുല്ലും വർഷത്തിൽ രണ്ട് തവണയെങ്കിലും നീക്കണം.
2.വൃത്തിയുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉറപ്പാക്കണം.
3. സ്‌കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് ആറ് മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകണം.
4.ഭക്ഷണം കുട്ടികൾക്ക് വിളമ്പും മുൻപ് അദ്ധ്യാപകനോ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമോ രുചിച്ച് നിലവാരം രജിസ്റ്ററിൽ രേഖപ്പെടുത്തണം.
5. സ്‌കൂളുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ഇൻസുലേറ്റഡ് കേബിളുകളിലൂടെ വേണം.
വകുപ്പുതല പരിശോധനകൾ 1. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കാനുള്ള പരിശോധന ജലഅതോറിറ്റി നടത്തും.
2.വാട്ടർ ടാങ്കും പൈപ്പ് ലൈനും വൃത്തിയുള്ളതും സുരക്ഷിതവുമാവണം.
3. ആരോഗ്യവകുപ്പ് ശുചിമുറി സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും.
4.വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധനയും വരും ദിവസങ്ങളിൽ പൂർത്തിയാക്കണം.
5.സ്കൂൾ വാഹനങ്ങളിൽ നിർദേശിക്കുന്ന വിധം സുരക്ഷാ സംവിധാനങ്ങളും ഡ്രൈവറും സഹായിയും ഉറപ്പാക്കണം