ഓമല്ലൂരിൽ മൂന്നുവയസുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ
പത്തനംതിട്ട : ഓമല്ലൂരിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള പെൺകുഞ്ഞിനെ ഉൾപ്പടെ നാലുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. ചത്തനിലയിൽ നാട്ടുകാർ കണ്ടെത്തിയ തെരുവുനായയുടെ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ആക്രമണത്തിൽ കണ്ണിലും കവിളിലും ചെവിയുടെ പിന്നിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റ മൂന്ന് വയസുകാരി സുകന്യ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. ഓമല്ലൂർ പൈവള്ളി ചരുവിൽ വീട്ടിൽ പ്രതിഭയുടെ മകളാണ് സുകന്യ. അടുക്കള വാതിലിലൂടെ അകത്തു കയറിയ തെരുവുനായ കുട്ടിയെ കടിച്ചു കുടയുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അന്നേദിവസം കടിയേറ്റ ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മ പള്ളി വികാരി കിടങ്ങന്നൂർ സ്വദേശി ഫാ.നിജോ ജോസ് (33), പൈവള്ളി കൊട്ടാരത്തിൽ വടക്കേതിൽ രാജൻ (61), പുത്തൻപീടിക വലിയവീട്ടിൽ തെക്കേതിൽ വിമല (73) എന്നിവരെയും നിരീക്ഷണത്തിലാക്കി. വളർത്തു മൃഗങ്ങൾക്കും മറ്റു തെരുവുനായകൾക്കും ഈ നായയുടെ കടിയേറ്റിട്ടുണ്ട്. വളർത്തുമൃഗങ്ങളെ പ്രത്യേകം കൂടുകളിലാക്കി നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. ആക്രമകാരിയായ തെരുവുനായയ്ക്ക് പേവിഷ ബാധ ഉണ്ടായിരുന്നു എന്ന കണ്ടെത്തൽ പ്രദേശത്തെ വീണ്ടും ഭീതിയിലാക്കി.
നായകൾക്ക് വാക്സിനേഷൻ
ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ തെരുവുനായകൾക്കും അടിയന്തരമായി പ്രതിരോധ വാക്സിൻ നൽകാൻ ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.