ഇന്ധന ലഭ്യതക്കുറവ് ഇന്നു കാണുന്ന പമ്പ് നാളെയില്ല!
മുന്നറിയിപ്പില്ലാതെ പമ്പുകൾ അടച്ചിട്ടുന്നു
കൊല്ലം: ഇന്ധന വിതരണത്തിൽ നിയന്ത്രണം കടുപ്പിച്ചതോടെ, പൊതുമേഖല എണ്ണ കമ്പനികളുടെ ഡീലർ പമ്പുകൾ മുന്നറിയിപ്പല്ലാതെ അടയ്ക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ഒരുമാസം മുൻപ് പ്രവർത്തന സമയം രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായി ചുരുക്കിയ പമ്പുകൾ പലതും അടച്ചിടുന്നത് പതിവായി.
ഇടയ്ക്ക് കമ്പനികൾ ഇന്ധന വിതരണം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. ഇപ്പോൾ ഡീലർമാർ പണമടച്ചാലും ഇങ്ങനെ പോലും കിട്ടാത്ത അവസ്ഥയാണ്. ഇതോടെ സ്റ്റോക്ക് തീർന്ന് പല പമ്പുകളും മണിക്കൂറുകളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയുണ്ട്. ഒരു പമ്പ് അടയുമ്പോൾ തൊട്ടടുത്തുള്ള പമ്പുകളിലേക്ക് വാഹനങ്ങൾ കൂട്ടത്തോടെയെത്തി അവിടത്തെ സ്റ്റോക്കും വേഗത്തിൽ തീരുന്ന അവസ്ഥയാണ്. നേരത്തെ കമ്പനികൾ തങ്ങളുടെ ടാങ്കർ ലോറികളിൽ ഇന്ധനം പമ്പുകളിൽ എത്തിക്കുമായിരുന്നു. ഇപ്പോൾ പമ്പുകളുടെ ടാങ്കർ ലോറികൾ കൊച്ചിയിലെ ടെർമിനലുകളിൽ മണിക്കൂറുകൾ കാത്തുകിടന്നാണ് ഇന്ധനം കൊണ്ടുവരുന്നത്.
വൻ നഷ്ടമെന്ന് കമ്പനികൾ
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഒരു ലിറ്റർ പെട്രോൾ 20 രൂപയും ഡീസൽ 40 രൂപയും നഷ്ടം സഹിച്ചാണ് വിൽക്കുന്നതെന്ന് പൊതുമഖല കമ്പനികൾ വാദിക്കുന്നു. നഷ്ടം കുറയ്ക്കാനാണ് കമ്പനികൾ വിതരണം കുറയ്ക്കുന്നത്. ഇന്ധന വില ഉയർത്തിയാൽ മാത്രമേ കമ്പനികൾ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാദ്ധ്യതയുള്ളു.
...................................
പമ്പുകളിലെ വില്പനയ്ക്കും നിയന്ത്രണം 5000 രൂപയ്ക്ക് മുകളിൽ ഇന്ധനം നൽകരുതെന്ന് നിർദ്ദേശം സ്വകാര്യ ബസുകൾ ഇന്ധനം അടിക്കുന്നത് രണ്ട് തവണയായി വില ഉയർത്തിയില്ലെങ്കിൽ നിയന്ത്രണം കടുപ്പിച്ചേക്കും
എണ്ണ കമ്പനികൾ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പമ്പുകളിൽ ഉപഭോക്താക്കളും തൊഴിലാളികളും തമ്മിൽ തർക്കങ്ങൾക്ക് ഇടയാക്കുന്നു. ഈ സ്ഥിതി തുടർന്നാൽ പമ്പുകൾ അടച്ചിടേണ്ടി വരും
സഫ അഷ്റഫ് (ദി ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോ. സെക്രട്ടറി)