ആദിവാസി പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസ്: പ്രതിക്ക് 83 വർഷം കഠിന തടവ്
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ 83 വർഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ച് കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ കുഞ്ഞാണ്ടി എന്ന ഷാജി (35)യെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്ന് ഒരുലക്ഷം രൂപ ഇരയ്‌ക്ക് നൽകണം.
ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്ന പെൺകുട്ടി 2019 ലെ വേനലവധിക്കും സെപ്തംബറിലെ ഓണാവധിക്കും വീട്ടിലെത്തിയപ്പോഴാണ് പല തവണ പീഡനത്തിന് ഇരയായത്. പെൺകുട്ടിയിൽ ശാരീരിക മാറ്റങ്ങൾ കണ്ടതോടെ സംശയം തോന്നിയ ഹോസ്റ്റൽ വാർഡൻ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോൾ അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായി. തുടർന്ന് കുട്ടമ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റിലാവുകയും ചെയ്തു. പൊലീസ് ഇൻസ്പെക്ടർമാരായ ടി.എ.യൂനസ്, ബി.അനിൽ, സബ് ഇൻസ്പെക്ടർ വി.കെ. ശശി കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എം. സൈനബ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.