നീറ്റ് ക്രമക്കേട്: തൃശൂരിൽ എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം; ജലപീരങ്കി

Thursday 14 May 2026 12:00 AM IST
1

തൃശൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ എസ്.എഫ്.ഐ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ സംഘർഷം. സി.എം.എസ് സ്‌കൂൾ പരിസരത്തുനിന്നാരംഭിച്ച മാർച്ച് ഏജീസ് ഓഫീസിനുമുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ദേശീയ പരീക്ഷാ ഏജൻസിയും കേന്ദ്രസർക്കാരും ചോദ്യപേപ്പറുകൾ ഏജൻസികൾക്ക് മറിച്ചുവിൽക്കുന്ന കള്ളന്മാരാണെന്ന് എം.ശിവപ്രസാദ് പറഞ്ഞു. 11 വർഷത്തിനിടയിൽ നീറ്റ് ഉൾപ്പെടെ നാല് പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോർന്നത്. പരീക്ഷ എഴുതാനെത്തുന്ന കുട്ടികളുടെ ഷർട്ടിൽ ഒരു ബട്ടൺ കൂടിയാൽപോലും പീഡിപ്പിക്കുകയാണ്. ദേഹപരിശോധനയുടെ പേരിൽ നടത്തുന്ന പീഡനം അനുവദിക്കില്ല. കുട്ടികളുടെ ദേഹത്ത് കൈവച്ചാൽ ഉദ്യോഗസ്ഥരെ എസ്.എഫ്.ഐ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജിഷ്ണു സത്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ്.ആദിത്യ, നവ്യ കഷ്ണ, ജില്ലാ സെക്രട്ടറി ടി.അഭിജിത്ത്, പി.എ.അശ്വിൻ എന്നിവർ സംസാരിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച പുറത്തായതോടെ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) കേന്ദ്രസർക്കാർ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.