മുനിസിപ്പൽ ലൈബ്രറി നിർമ്മാണം നീളുന്നു
ആലപ്പുഴ : സൗകര്യമുള്ള കെട്ടിടത്തിലേക്ക് അതിവേഗം മാറ്റാമെന്ന വാഗ്ദാനത്തോടെ അറ്റകുറ്റപ്പണിക്കായി ഒഴിപ്പിച്ച മുനിസിപ്പൽ ലൈബ്രറി കെട്ടിടത്തിന്റെ പുനർനിർമ്മാണം നീളുന്നു. സാങ്കേതികാനുസമതി വൈകുന്നതാണ് കെട്ടിട നിർമ്മാണത്തിനെ ബാധിച്ചത്. നിയമസഭ തിരഞ്ഞെടുപ്പടക്കം വന്നതാണ് നടപടി വൈകാനിടയാക്കിയതെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്താണ് കെട്ടിടനിർമ്മാണത്തിന് തുടക്കമായത്. പിന്നീട് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയും ഭരണമാറ്റം വന്നതുമെല്ലാം പദ്ധതിയെ ബാധിച്ചു. പുതിയ അനുമതി ലഭിച്ചാൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ സാധിക്കുകയുള്ളൂ.. അറ്റകുറ്റപ്പണിക്കെന്ന പേരിൽ ജീർണാവസ്ഥയിലുള്ള പഴയ നഗരസഭ മന്ദിരത്തിലേക്ക് ലൈബ്രറി മാറ്റിയിട്ട് അഞ്ചുമാസം പിന്നിട്ടു. മറ്രെല്ലാ ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ ലൈബ്രറികൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമ്പോൾ ആലപ്പുഴയിൽ മാത്രമാണ് അവഗണന നേരിടുന്നതെന്ന് ജില്ലാ മുനിസിപ്പൽ ലൈബ്രറി ഫോറം ഭാരവാഹികൾ ആരോപിച്ചിരുന്നു. ലൈബ്രറി നഗര ഹൃദയത്തിൽ നിന്ന് മാറ്റിയത് വായനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.
കരാർ ആരും എടുത്തില്ല
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വകയിരുത്തിയ ടെണ്ടർ തുക കുറവായതിനാൽ ആരും കരാർ എടുക്കാതിരുന്നതാണ് പ്രവർത്തനങ്ങൾ നീളാൻ ഇടയാക്കിയത്
പുതുക്കിയ നിരക്കിലേക്ക് മാറ്രാനുള്ള തീരുമാനമായപ്പോൾ കൗൺസിൽ കാലാവധിയും കഴിഞ്ഞു.10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്
വിണ്ടുകീറിയ ഭിത്തിയുടെ അറ്റകുറ്റപ്പണികളും ലൈബ്രറിയുടെ തറപൊളിച്ച് അടിത്തറ ബലപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ജോലികൾ ചെയ്യേണ്ടതുണ്ട്
ചോർച്ചയിൽ നശിച്ച മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റുകയും ടോയ്‌ലെറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുമടക്കം പൂർത്തിയാക്കണം
പ്രതീക്ഷിക്കുന്ന ചെലവ്
₹10 ലക്ഷം
മുനിസിപ്പൽ ലൈബ്രറി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും
-ജോസ് ചെല്ലപ്പൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ