കത്തിപ്പടർന്ന് പയ്യന്നൂർ - തളിപ്പറമ്പ് ചർച്ച; സി.പി.എംജില്ലാ സെക്രട്ടറിക്ക് എതിരെ രൂക്ഷ വിമർശനം
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശക്തമായ വിമർശനങ്ങൾക്ക് വേദിയായി. പയ്യന്നൂർ, തളിപ്പറമ്പ് വിഷയത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെതിരെ കടുത്ത വിമർശനമുയർന്നതായി അറിയുന്നു.
യോഗം രാത്രി വൈകും വരെ നീണ്ടു.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് അഴീക്കോടൻ മന്ദിരത്തിൽ യോഗം ചേർന്നത്.പാർട്ടിയുടെ ഉരുക്കു കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും യു.ഡി.എഫ് നേടിയ ഞെട്ടിക്കുന്ന വിജയമാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ യു.ഡി.എഫ്. പിന്തുണയോടെ ജയിച്ചത് പാർട്ടിക്ക് വലിയ ആഘാതമായി. തളിപ്പറമ്പിൽ, എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ യു.ഡി.എഫ്. പിന്തുണയിൽ ജയിച്ചതും ചർച്ചയായി. പയ്യന്നൂരിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഭാഗീയതയും ആഭ്യന്തര കലഹവും തോൽവിക്ക് വഴി തെളിച്ചെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ടിൽ വലിയ ചോർച്ചയുണ്ടായി. മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതും പരാജയം ഏറ്റുവാങ്ങിയതും, ധർമടത്ത് ആറ് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞിട്ടും പിണറായി വിജയന് ലീഡ് ഉറപ്പിക്കാൻ കഴിയാതിരുന്നതും യോഗം വിലയിരുത്തി. ഇന്നും നാളെയും ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ ചർച്ചകൾ കൂടുതൽ ശക്തമായി തുടരുമെന്നാണ് സൂചന.