കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ 'ടേക് എ ബ്രേക്ക്' പദ്ധതി നിർമാണം തുടങ്ങി

Sunday 17 May 2026 11:58 PM IST

കട്ടപ്പന: നഗരസഭയിൽ പഴയ ബസ് സ്റ്റാൻഡിൽ ആധുനിക സൗകര്യങ്ങളോടെയുള്ള 'ടേക് എ ബ്രേക്ക്' വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നു. ശുചിത്വമിഷന്റെ സഹായത്തോടെ 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിൽ പഴയ ബസ് സ്റ്റാൻഡിലുള്ള കാലഹരണപ്പെട്ട കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ അത്യാധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷനും മുകളിലത്തെ നിലകളിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള സൗകര്യവും ഒരുക്കും. നിലവിൽ പുതിയ ബസ് സ്റ്റാൻഡിലും മാർക്കറ്റ് പരിസരത്തും നഗരസഭയുടെ കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പഴയ ബസ് സ്റ്റാൻഡിലെ നിർമാണം പൂർത്തിയായാൽ യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് കൂടുതൽ സൗകര്യം ലഭിക്കും. 2017ൽ സമ്പൂർണ വെളിയിട വിസർജന മുക്ത നഗരസഭയായി പ്രഖ്യാപിച്ച കട്ടപ്പനയിൽ, ഈ പദ്ധതി കർശനമായി നിലനിറുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. നഗരസഭാ പരിധിയിൽ നിയമലംഘനങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായാണ് വിവിധയിടങ്ങളിൽ കൂടുതൽ കംഫർട്ട് സ്റ്റേഷനുകൾ നിർമിക്കാനും നിലവിലുള്ളവ നവീകരിക്കാനും നഗരസഭ നടപടി സ്വീകരിക്കുന്നത്.