തത്കാലം സിനിമ ഉപേക്ഷിക്കാൻ രവി മോഹൻ
കടുത്ത മുന്നറിയിപ്പുമായി ആർതി
നടൻ രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി ഗായിക കെനിഷ ഫ്രാൻസിസ് രംഗത്തു വന്നതിന് പിന്നാലെ കരഞ്ഞും പൊട്ടിത്തെറിച്ചും രവി മോഹൻ. വിവാഹമോചനം നേടുന്നതുവരെ തന്റെ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് രവിമോഹൻ പറഞ്ഞു. നിരവധി അപമാനങ്ങൾ നേരിട്ടു. ഇനി, അഭിനയിക്കാൻ കഴിയുമോ എന്നറിയില്ല. വർഷങ്ങളായി വേദനയിൽ ജീവിക്കുകയാണ്. ചില പി.ആർ ഗ്രൂപ്പുകൾ ഓൺലൈനിൽ ഭീഷണിപ്പെടുത്തുന്നു. ഞാൻ പതുക്കെ തകർന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാൻ വീഴുന്നതിന് മുമ്പ് തിരിച്ചടിക്കും. എന്റെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് നിങ്ങളുടേത് നോക്കൂ.
ആദ്യം എന്റെ വ്യക്തിജീവിതം ശരിയാക്കും. എന്റെ പേര് തിരികെ നേടും. അതിനുശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ. തത്കാലം വിരമിക്കുന്നു. എല്ലാം കഴിഞ്ഞു മടങ്ങിവരും. പത്രസമ്മേളനത്തിൽ വികാരധീനനായി രവി മോഹൻ പറഞ്ഞു . അതേസമയം കെനിഷ യുടെ സമൂഹ മാദ്ധ്യമ പോസ്റ്റ് ചർച്ചയായി.
'സ്നേഹവുമായാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവരുന്നത്. അവിടെ നന്മയ്ക്ക് ഒരു സ്ഥാനവുമില്ല. ഈ ലോകം കള്ളന്മാരുടെയും വഞ്ചിക്കുന്നവരുടെയും ജീവിതം ചൂഷണം ചെയ്യുന്നവരുടെയും മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ ചെന്നൈ വിട്ടു. എല്ലാം ഉപേക്ഷിക്കുന്നു. തെറാപ്പിയും സംഗീതവും എല്ലാം.'- കെനിഷ കുറിച്ചു.
ഭാര്യ ആർതിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വീട് ഉപേക്ഷിച്ച രവി മോഹന് കെനിഷ ആശ്വാസം നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ച് പൊതുഇടങ്ങളിൽ കണ്ടതോടെ ഗോസിപ്പുകൾ ഉയർന്നു.അടുത്തിടെ പാലക്കാട് പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ ദേവി രത്നം പുരസ്കാരം ഏറ്രുവാങ്ങാൻ രവി മോഹൻ എത്തിയരുന്നു. കെനിഷയുടെ സ്റ്രേജ് പെർഫോമൻസും ഉണ്ടായിരുന്നു. ഇതിനു ശേഷം ആണ് കെനിഷയുടെ പോസ്റ്റ്.അതേസമയം മുന്നറിയിപ്പുമായി രവിമോഹന്റെ ഭാര്യ ആർതി എത്തി. ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണർത്താൻ ശ്രമിക്കരുതെന്നും സത്യം എപ്പോഴും വിജയിക്കുക തന്നെ ചെയ്യുമെന്നും ആർതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.