പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി; ചരിത്രത്തിൽ പോകണോ എന്ന് തീരുമാനിക്കാം
ന്യൂഡൽഹി: പാകിസ്ഥാന് കുറച്ചു വാക്കുകളിൽ കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഭൂമിയുടെ ഭാഗമായി തുടരണമോ അതോ ചരിത്രത്തിൽ പോകണോയെന്ന് അവർ തന്നെ തീരുമാനിക്കട്ടേയെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ഡൽഹി മനേക്ഷാ സെന്ററിൽ നടന്ന സേനാ സംവാദ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരെ സംരക്ഷിക്കുകയും ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്താൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരും. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യ കാണിച്ചതുപോലെയുള്ള തന്ത്രപരമായ നിയന്ത്രണങ്ങൾ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇനി ഉയർന്നുവന്നാൽ എങ്ങനെ പ്രതികരിക്കും എന്ന മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. തിരിച്ചടിയായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തി. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ അത്യാധുനിക വ്യോമകരസേനാ ആക്രമണങ്ങൾ പാകിസ്ഥാനെ തകർത്തു. കടുത്ത സൈനിക പോരാട്ടത്തിനൊടുവിൽ മേയ് പത്തിനാണ് ഇരുരാജ്യങ്ങളും വെടിനിറുത്തലിന് തയ്യാറായത്.