ചുറ്റുവട്ടം : ചാടിക്കളിച്ച് നേതാക്കൾ,​ ഇത് വല്ലാത്ത ഗ്രൂപ്പുകളി

Monday 18 May 2026 1:14 AM IST

ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ കോട്ടയം എഗ്രൂപ്പിന്റെ വത്തിക്കാനായിരുന്നു. ഡി.സി.സി പ്രസിഡന്റും ത്രിതല പഞ്ചായത്ത്,​ മുതൽ എം.എൽ.എ സ്ഥാനം വരെ എ ഗ്രൂപ്പുകാർക്ക് സംവരണം ചെയ്തതായിരുന്നു. ഐ ഗ്രൂപ്പാകാൻ ആളെ തപ്പണമായിരുന്നു. ഉമ്മൻചാണ്ടിയുടെ മരണശേഷം സ്ഥിതിയാകെ മാറി. കൂടുവിട്ടു കൂടു മാറുന്നതു പോലെ തനിക്കു രാഷ്ട്രീയമായി വളരാൻ പറ്റിയ സ്ഥാനമാനത്തിനായി പലരും ഗ്രൂപ്പ് മാറി. എ ഗ്രൂപ്പിനെ കണ്ടുപിടിക്കാൻ പൊടിപോലുമില്ല എന്ന അവസ്ഥയാണിപ്പോൾ. ഔദ്യോഗികമെന്ന ലേബലിൽ അടുത്ത കാലം വരെ വി.ഡി.സതീശൻ ഗ്രൂപ്പിലായിരുന്ന പലരും പ്രത്യേകിച്ചും ജനപ്രതിനിധികൾ കെ.സി.വേണുഗോപാൽ പക്ഷത്താണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിനാവശ്യമായ പണം കൊടുത്ത ആളെ എങ്ങനെ തഴയുമെന്നാണ് എം.എൽ.എയായി ജയിച്ച ഒരു നേതാവ് പറഞ്ഞത്.

ഒമ്പതിൽ ഒമ്പതു സീറ്റും യു.ഡി.എഫ് നേടിയ കോട്ടയത്ത് കോൺഗ്രസിന് ആദ്യമായി അഞ്ച് എം.എൽ.എമാർ ഉണ്ടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മിക്കവർക്കും സാമ്പത്തിക ബാദ്ധ്യതയില്ല. മിച്ചം ഫണ്ടാണെന്ന് കേൾക്കുന്നു. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണ വേണുഗോപാൽ ഉറപ്പിച്ചത് ഈ ഫണ്ട് വിതരണത്തിലൂടെയായിരുന്നു. ഉദ്ദിഷ്ട കാര്യത്തിന് എങ്ങനെ ഉപകാരസ്മരണ ചെയ്യാതിരിക്കുമെന്നു ചോദിച്ചാൽ 'നാണം കെട്ടവരുടെ ചില ഭാഗങ്ങളിൽ ആൽ കിളിർത്താൽ അതും തണലായിക്കണ്ട് ആശ്വസിക്കുന്നവരെക്കുറിച്ച് എന്തു പറയാനെന്നാണ് ചുറ്റുവട്ടത്തിന് ഇക്കൂട്ടരെ ഓർമ്മിപ്പിക്കാനുള്ളത്. സതീശനോ വേണുഗോപാലോ രമേശോ ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാതെ കോൺഗ്രസ് നേതൃത്വം നാണംകെട്ട മൗനം തുടർന്ന് നിൽക്കക്കള്ളിയില്ലാതെ പതിനൊന്നാം ദിവസം സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്താൻ കോട്ടയത്ത് പല നേതാക്കളെയും കണ്ടില്ല. പ്രകടനത്തിൽ ഉണ്ടായിരുന്നത് കോൺഗ്രസുകാരിലും കൂടുതൽ മുസ്ലിംലീഗ് പ്രവർത്തകരായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

സീനിയോറിറ്റി പരിഗണനയിൽ രമേശിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട ചില സമുദായ നേതാക്കൾ സതീശൻ മുഖ്യമന്ത്രിയായതിൽ അസ്വസ്ഥരായിരുന്നു. രമേശ് മുഖ്യമന്ത്രിയായില്ലെങ്കിലും സമ്മർദ്ദ തന്ത്രത്തിലൂടെ താക്കോൽ സ്ഥാനമായ ആഭ്യന്തര, വിജിലൻസ് വകുപ്പ് ലഭിച്ചതോടെ കേസിൽപ്പെടാതെ സംരക്ഷിക്കാൻ ആളുണ്ടായല്ലോ എന്നോർത്ത് അവരും ഏതാണ്ട് ഹാപ്പിയായി. കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. വി.ഡി സതീശൻ മുഖ്യമന്ത്രിയായതോടെ ഇനി നേതാക്കളുടെ തിരിച്ചുള്ള ഒഴുക്കും ഗ്രപ്പുമാറ്റവും പ്രതീക്ഷിക്കുകയാണ് ചുറ്റുവട്ടം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം !... അല്ലാതെന്തു പറയാൻ !..എന്ത് കുറിക്കാൻ !...