'നേഷൻ ഫസ്റ്റ്‌ ഗോൾഡ് 4 ഇന്ത്യ ഇനിഷ്യേറ്റീവു'മായി കല്യാൺ ജുവലേഴ്‌സ്

Monday 18 May 2026 2:42 AM IST

കൊച്ചി: വീടുകളിൽ വെറുതെയിരിക്കുന്ന സ്വർണശേഖരം വിപണിയിൽ സജീവമാക്കുന്നതിനും സ്വർണത്തിന്റെ പണലഭ്യതയിലുള്ള വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തപൂർണമായ ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയായ 'നേഷൻ ഫസ്റ്റ്– ഗോൾഡ് 4ഇന്ത്യ ഇനിഷ്യേറ്റീവ്' കല്യാൺ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു.

വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി മിതത്വം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ പദ്ധതി. ഈ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 5 ടൺ കുറവ് വരുത്താനാണ് 'നേഷൻ ഫസ്റ്റ്‌ ഗോൾഡ് 4ഇന്ത്യ ഇനിഷ്യേറ്റീവ്' ലക്ഷ്യമിടുന്നത്.ശക്തമായ ഒരു ആഭ്യന്തര സ്വർണ പുനരുപയോഗ സംവിധാനത്തിന് ജുവലറി മേഖലയിലെ തൊഴിലവസരങ്ങൾ നിലനിർത്താനും നിയമാനുസൃത സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ജി.എസ്.ടി വരുമാനം സംരക്ഷിക്കാനും കഴിയുമെന്ന് കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്വർണത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും വിപണിയിൽ തിരികെ എത്തിക്കാൻ സാധിച്ചാൽ സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.