ചെറിയ മാറ്റം, വലിയ നേട്ടം സ്റ്റെപ് അപ്പ് മാജിക്ക്

Monday 18 May 2026 2:43 AM IST

ചെറിയ തുക എല്ലാ മാസവും വർഷങ്ങളോളം ഒരു ഫണ്ടിൽ തന്നെ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്.ഐ.പി ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ഒരു ലക്ഷം കോടിയോളം രൂപയാണ് മലയാളികൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് കൂട്ടിയിരിക്കുന്നത്. പ്രതിമാസം മലയാളികൾ എസ്.ഐ.പിയിലൂടെ 700 കോടിയോളം രൂപ നിക്ഷേപിക്കുന്നുണ്ട്.

മ്യൂച്വൽ ഫണ്ടിലെന്നല്ല റിക്കറിംഗ് ഡിപ്പോസിറ്റ് പോലുള്ള ഏതു നിക്ഷേപമാർഗങ്ങളിലും എസ്.ഐ.പിയായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ പവ്വർ ഒഫ് കോംപൌണ്ടിംഗ് അഥവാ കൂട്ടുപലിശ അതിനെ ഭാവിയിൽ വലിയ ഒരു തുകയായി മാറ്റുമെന്നതിൽ സംശയമില്ല. സാധാരണ എസ്.ഐ.പിയിൽ മാസംതോറും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയാണ് പതിവ്. എന്നാൽ നിശ്ചിത ഇടവേളകളിൽ നിക്ഷേപ തുക അൽപ്പം വീതം വർദ്ധിപ്പിച്ചുനോക്കൂ. നേട്ടം പതിന്മടങ്ങാകും. ഇത്തരത്തിൽ നിശ്ചിത ഇടവേളകളിൽ നിക്ഷേപ തുക അൽപ്പാൽപ്പം വർദ്ധിപ്പിക്കുന്നതിനെ സ്റ്റെപ് അപ്പ് എസ്.ഐ.പി എന്ന് പറയുന്നു. മാസം 5,000 രൂപ വീതം നിക്ഷേപിച്ച് തുടങ്ങുകയാണെങ്കിൽ, ഓരോ വർഷവും 10% വീതം അത് വർദ്ധിപ്പിക്കാം. അടുത്ത വർഷം ₹5,500, പിന്നെ ₹6,050 എന്നിങ്ങനെ.

യുവ ജനതയ്ക്ക് അനുയോജ്യം

സ്റ്റെപ് അപ്പ് എസ്.ഐ.പി യുവജനങ്ങൾക്കും കരിയർ ആരംഭിക്കുന്നവർക്കും ഏറെ അനുയോജ്യമാണ്. തുടക്കത്തിൽ വലിയ തുക നിക്ഷേപിക്കാൻ കഴിയാത്തവർക്ക് പോലും വരുമാനം ഉയരുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടാനാകും. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ കൈവരിക്കാനും കഴിയും. ഇന്ന് മിക്ക മ്യൂച്വൽ ഫണ്ടുകളും സ്റ്റെപ് അപ്പ് എസ്.ഐ.പി സൗകര്യം നൽകുന്നുണ്ട്. ഒരു തവണ പ്ലാൻ ചെയ്താൽ, അത് സ്വയം വർദ്ധിച്ചു കൊണ്ടിരിക്കും.

നിക്ഷേപ ഘടന ആദ്യ പ്രതിമാസ നിക്ഷേപം: ₹1,500

വർഷാവർഷം വരുത്തുന്ന വർദ്ധനവ്: 10% (സ്റ്റെപ്പ് അപ്പ് )

കാലയളവ്: 20 വർഷം

പ്രതീക്ഷിക്കുന്ന ശരാശരി റിട്ടേൺ: 12%

ഡാറ്റാ താരതമ്യം നിക്ഷേപ രീതി ആകെ നിക്ഷേപിക്കുന്ന തുക 20 വർഷത്തിനു ശേഷമുള്ള മൂല്യം ആകെ ലഭിക്കുന്ന ലാഭം സ്റ്റെപ്പ് അപ്പ് എസ്.ഐ.പി (10% വർദ്ധനവ്) ₹13.5 ലക്ഷം ₹40 ലക്ഷം + ₹26 ലക്ഷം + സാധാരണ എസ്.ഐ.പി (മാറ്റമില്ലാത്ത തുക) ₹3.6 ലക്ഷം ₹15–18 ലക്ഷം ₹11–14.4 ലക്ഷം