ഇരട്ടിമധുരമായി ഇരട്ട ഫുൾ എ പ്ലസ്
മുള്ളൂർക്കര: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച മുള്ളൂർക്കര സ്കൂളിന് ഇരട്ടിമധുരമായി ഇരട്ടസഹോദരിമാരുടെ ഉജ്ജ്വല വിജയം.പരീക്ഷയെഴുതിയ 186 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയതിനൊപ്പമാണ് സ്കൂളിലെ ഇരട്ടസഹോദരിമാരായ രുദ്ര മനോജും രുമാ മനോജും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി വിദ്യാലയത്തിന് അഭിമാനമായത്.
മുള്ളൂർക്കര റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന വലിയത്ത് വീട്ടിൽ റിട്ടയേഡ് ആർമി ഉദ്യോഗസ്ഥനായ മനോജ് കുമാറിന്റെയും എൻ.എസ്.എസ് സ്കൂൾ അദ്ധ്യാപിക ശൈലിയുടെയും മക്കളാണ് മിടുക്കികൾ. തങ്ങളുടെ മൂത്ത സഹോദരൻ മാധവിന് നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ഫുൾ എ പ്ലസ് എന്ന സ്വപ്നം തങ്ങൾ നേടിയെടുക്കുമെന്ന് മാതാപിതാക്കൾക്ക് ഇവർ വാക്ക് നൽകിയിരുന്നു. ഇത്തവണ ആറ് ഫുൾ എ പ്ലസുകളാണ് മുള്ളൂർക്കര സ്കൂളിലുള്ളത്. രണ്ടുപേർക്കും ഒന്നിച്ച് ഫുൾ എ പ്ലസ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. വിജയികളായ രുദ്രയെയും രുമയെയും അനുമോദിക്കാൻ സ്കൂൾ അധികൃതരും ജനപ്രതിനിധികളും എത്തി. സ്കൂൾ പ്രധാന അദ്ധ്യാപിക രാജേശ്വരി, ക്ലാസ് ടീച്ചർ ചിത്ര, അദ്ധ്യാപകരായ ശ്രീജ, മനോരമ, സ്കൂൾ ഭാരവാഹികളായ ഷാജുമോൻ, നിമിഷ എന്നിവർ നേരിട്ടെത്തി കുട്ടികൾക്ക് മധുരം നൽകി അഭിനന്ദനങ്ങൾ അറിയിച്ചു.