കാശ് ലാഭിക്കാൻ കാമുകിയെ സഹോദരിയാക്കി: മൂന്നാർ ചുറ്റിയടിച്ച വിമാന ജീവനക്കാരനും കൂട്ടുകാരിയും അറസ്റ്റിൽ

Monday 28 October 2019 12:34 PM IST

കൊച്ചി: ആധാർ കാർഡിൽ കാമുകിയെ സഹോദരിയായി കാണിച്ച ശേഷം കേരളം സന്ദർശിക്കാനെത്തിയ വിമാനജീവനക്കാരനും സ്ത്രീസുഹൃത്തും സി.ഐ.എസ്.എഫിന്റെ പിടിയിലായി. ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരനും ഭുവനേശ്വർ സ്വദേശിയുമായ രാഗേഷും കാമുകിയും ഒഡിഷക്കാരിയുമായ രസ്മിത ബരാലയുമാണ് പിടിയിലായത്. പണം നൽകാതെ വിമാനടിക്കറ്റ് ലഭിക്കുന്നതിനായാണ് ഭുവന്വേശ്വർ ഈ തട്ടിപ്പ് നടത്തിയത്. ഇൻഡിഗോയിലെ ഉദ്യോഗസ്ഥനായ ഇയാൾക്കും കുടുംബത്തിനും വിമാനയാത്ര സൗജന്യമാണ്‌.

എന്നാൽ കാമുകിയെ കൊണ്ടുപോകാൻ നിർവാഹമില്ല. ഇതിനായാണ് തന്റെ സഹോദരിയായ രാധയുടെ ആധാർ കാർഡിൽ ഇയാൾ കൃത്രിമം കാണിച്ചത്. ആധാർ കാർഡിൽ രാധയുടെ ഫോട്ടോയ്ക്ക് പകരം കാമുകി രസ്മിതയുടെ ഫോട്ടോ ഒട്ടിച്ച ശേഷം ഇതിന്റെ കളർ പ്രിന്റ് എടുക്കുകയായിരുന്നു രാഗേഷ്. ഇത് കാണിച്ചാണ് ഇരുവരും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കരസ്ഥമാക്കിയത്. കേരളത്തിലെത്തിയ ഇവർ രണ്ടുപേരും മൂന്നാർ സന്ദർശിച്ച ശേഷം കൊച്ചി വിമാനത്താവളം വഴി ഡൽഹിയിലേക്ക് മടങ്ങാനായി എത്തിയപ്പോഴാണ് രസ്മിതയുടെ പ്രായത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇവരെ തടയുന്നത്.

രാഗേഷിന്റെ സഹോദരിയുടെ പ്രായം 28 വയസാണ്. എന്നാൽ ഇവരുടെ ആധാർ കാർഡ് ഉപയോഗിക്കുന്ന രസ്മിതയ്ക്ക് അത്രയും പ്രായം തോന്നിക്കാത്തത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്‌ ഇരുവരുടെയും കള്ളി വെളിച്ചത്താകുന്നത്. തുടർന്ന് വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ യുവതിയെയും രാഗേഷിനെയും റിമാൻഡ് ചെയ്തിട്ടുണ്ട്.