യു.ഡി.എഫ് സംഘം ഇന്ന് വാളയാറിൽ

Tuesday 29 October 2019 12:26 AM IST

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ വീട് ഇന്ന് യു.ഡി.എഫ് സംഘം സന്ദർശിക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഘടകകക്ഷി നേതാക്കളും ആ പ്രദേശത്തെ ജനപ്രതിനിധികളും ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഭവത്തിൽ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ ഹർത്താൽ നടത്താനും ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട് ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വാളയാർ കേസിലെ പ്രതികളെ രക്ഷിക്കാൻ സി.പി.എം നടത്തിയ നീക്കം അപലപനീയമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ മുഴുവനും സി.പി.എമ്മുകാരാണ്. സാമൂഹികക്ഷേമ മന്ത്രി നടത്തിയ നിയമനങ്ങളൊക്കെ അന്വേഷിക്കണം.
കാർഷികമേഖലയെ തകർക്കുന്ന ആർ.സി.ഇ.പി കരാറിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ബി.പി.സി.എല്ലിന്റെ സ്വകാര്യവകരണവും നിറുത്തണം. ഇടുക്കി ജില്ലയിൽ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന ആവശ്യം സർക്കാർ പരിഗണിക്കണം.

മാവോയിസ്റ്റെന്ന് കരുതി

വെടിവച്ച് കൊല്ലാമോ?

ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ മാവോയിസ്റ്റുകളെന്ന പേരിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണ് ഇന്നലത്തേതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞാൻ മാവോയിസ്റ്റുകൾക്ക് അനുകൂലമല്ല. എന്നാൽ മാവോയിസ്റ്റുകളായാൽ വെടിവച്ചു കൊല്ലണമോ? ഞാൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് രൂപേഷിനെയും ഭാര്യയെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്. കേരളത്തിൽ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച് ആരോപണമുണ്ട്.