കച്ച കെട്ടി അനു സിത്താര: നടിയുടെ മാമാങ്കത്തിലെ ലുക്ക് പുറത്ത്!
മമ്മൂട്ടി ചിത്രം മാമാങ്കത്തിലുള്ള നടി അനുസിത്താരയുടെ വേഷവിധാനത്തിന്റെ ചിത്രം പുറത്ത് വന്നു. ബ്ലൗസിന് മേൽ കച്ച കെട്ടി കൈയിൽ പ്രസാദവുമായി ചിത്രത്തിലെ താരങ്ങളിൽ ഒരാളായ ഉണ്ണി മുകുന്ദനൊപ്പം അനു നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് അനു സിത്താര എത്തുന്നത്. 'മാമാങ്ക'ത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ വിളിക്കുബോൾ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നതായി അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബ്ലൗസിന് മുകളിൽ കച്ച കെട്ടി അതിസുന്ദരിയായ എത്തിയ അനുവിന്റെ ചിത്രം ഏതായാലും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 18ആം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മാമാങ്ക മഹോത്സവത്തിന്റെ കഥ പറയുന്ന 'മാമാങ്ക'ത്തിൽ സുദേവ് നായർ, ബാലതാരം അച്യുതൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രാചി തെഹ്‌ലാൻ, കനിഹ, അനു സിത്താര, ഇനിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്.