28 സംസ്ഥാനങ്ങൾ,​ 9 കേന്ദ്രഭരണ പ്രദേശങ്ങൾ ; ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറക്കി കേന്ദ്രം

Saturday 02 November 2019 10:37 PM IST

ന്യൂഡൽഹി : ജമ്മു കാശ്മീരിനെ ജമ്മുകാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം കേന്ദ്രസ‍ർക്കാർ പുറത്തിറക്കി. ജമ്മു കാശ്മീർ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ൽ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയർന്നു.ജമ്മുകാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശം ഒക്ടോബർ 31ന് നിലവിൽ വന്നിരുന്നു. ഇവിടങ്ങളിൽ ലെഫ്ടനന്റ് ഗവർണർമാരെ നിയമിക്കുകയും ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ജമ്മു കാശ്മീരിൽ ഗിരീഷ് ചന്ദ്ര മിർമുവിനെയും ലഡാക്കിൽ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സർക്കാർ നിയോഗിച്ചത്.

ആഗസ്റ്റ് 5നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്.