ഭാര്യയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഹൈക്കോടതി; ആന്റോ ആന്റണിയുടെ എം.പി സ്ഥാനം തുലാസിൽ

Wednesday 06 November 2019 7:42 PM IST

കൊച്ചി: മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ആന്റോ ആന്റണി എം.പിയുടെ ഭാര്യ ഗ്രേസ് നടത്തിയ പ്രസംഗം പ്രഥമ ദൃഷ്ടിയാൽ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഇടത് മുന്നണിയുടെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഏപ്രിൽ ഏഴിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആന്റോ ആന്റണിയുടെ ഭാര്യ പെന്തകോസ്ത് വേദിയിൽ നടത്തിയ പ്രസംഗം പ്രഥമ ദൃഷ്ടിയാൽ തിര‍ഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാൾ പാർലമെന്റിൽ ഉണ്ടാകണമെന്നുമായിരുന്നു ഗ്രേസ് ആന്റോയുടെ പ്രസംഗം. ഇത് മതത്തോടുള്ള കൂറ് പ്രകടിപ്പിക്കലല്ല, മറിച്ച് മതങ്ങളെ ഭിന്നിപ്പിക്കലാണെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഹർജി നിലനിൽക്കുമെന്ന് പറഞ്ഞ കോടതി കേസിൽ വിശദമായ വാദം കേൾക്കാനും തീരുമാനിച്ചു.

പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണ ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായ അനന്തഗോപനാണ് ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ ആസ്തി ബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു, ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇടത് സ്ഥാനാർത്ഥി പ്രോത്സാഹിപ്പിച്ചെന്ന് വ്യാജപ്രചാരണം നടത്തി തുടങ്ങിയ ആരോപണങ്ങളും ഹർ‍ജിയിൽ ഉന്നയിച്ചിരുന്നുവെങ്കിലും ഇതൊന്നും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ മാസം 13ന് ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും. എന്നാൽ കോടതിയിൽ നിലനിൽക്കുന്ന കേസിനെക്കുറിച്ച് തൽക്കാലം പ്രതികരിക്കാനില്ലെന്നാണ് ആന്റോ ആന്റണിയുടെ നിലപാട്.