ക്രൈം ത്രില്ലർ നോവൽ - 'റെഡ്: 180'

Thursday 07 November 2019 4:10 PM IST

​​''ഇക്കാര്യത്തിൽ താങ്കൾക്ക് ഉറപ്പുണ്ടല്ലോ. അല്ലേ?"

അലിയാർ ഒരിക്കൽകൂടി സംശയം തീർത്തു.

''ഉണ്ട് സാർ..." ആദിവാസി നേതാവു പറഞ്ഞു. ''ഞാനും കൂടി ചേർന്നാണ് ചില കോളനികളിൽ ഇത് വിതരണം ചെയ്തത്."

അലിയാർ കമ്പിളി വീണ്ടും മടക്കിവച്ചു.

''ഒരു കാര്യം കൂടി. ഇവിടത്തെ വനത്തിൽ 'കുന്തിരിക്ക'ത്തിന്റെ മരങ്ങളുണ്ടോ?"

''ഉണ്ട് സാർ. ഞങ്ങളുടെ ആളുകൾ അതിൽ വെട്ടി കറയെടുക്കാറുമുണ്ട്. ഈ ഭാഗത്തെ മിക്കവാറും അങ്ങാടിക്കടകളിൽ ഞങ്ങളാണ് കുന്തിരിക്കം സപ്ളൈ ചെയ്യുന്നത്."

മരത്തിന്റെ കറയാണ് കുന്തിരിക്കമെന്ന് അലിയാർക്ക് അറിയാമായിരുന്നു.

''സാറിന് കുന്തിരിക്കം വേണോ. ഞാൻ എത്തിച്ചുതരാം."

അയാൾ അറിയിച്ചു.

''വേണ്ടിവരും. ഞാൻ പറയാം."

''എങ്കിൽ എനിക്കിനി പോകാമല്ലോ?"

''തീർച്ചയായും."

അയാൾ എഴുന്നേറ്റു. അലിയാരും. അലിയാർ അയാൾക്കു ഹസ്തദാനം നൽകി യാത്രയാക്കി.

പിന്നെ വീണ്ടും തന്റെ ചെയറിൽ ഇരിക്കുമ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകുന്നത് അലിയാർ അറിഞ്ഞു.

കേട്ടതും അനുഭവിച്ചതുമൊക്കെ അയാൾ മനസ്സുകൊണ്ട് വിശകലനം ചെയ്യാൻ തുടങ്ങി.

വടക്കേ കോവിലകത്ത് രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പുക അത് കുന്തിരിക്കത്തിന്റേതു തന്നെ!

പിന്നെ ഒരുപാടു പേരുടെ കാലടിയൊച്ചകളും ഭ്രാന്തമായ താളവും...

ആദിവാസി ഊരുകളിൽ വിശേഷാവസരങ്ങളിൽ പ്രത്യേക വാദ്യോപകരണങ്ങൾ കൊണ്ട് അവർ താളമടിക്കുകയും അതിനനുസരിച്ച് ചുവടുകൾ വയ്ക്കാറുമുണ്ട്.

അതൊന്നും താൻ കണ്ടിട്ടില്ല. ഒക്കെ കേട്ടറിവുകൾ മാത്രം...

അങ്ങനെയെങ്കിൽ...

ബലഭദ്രൻ തമ്പുരാൻ പറഞ്ഞ രഹസ്യ വഴിയിലൂടെ ആദിവാസികൾ ആയിരിക്കില്ലേ കോവിലകത്ത് എത്തുന്നത്?"

എന്നാൽ അതുകൊണ്ട് അവർക്കുള്ള നേട്ടമാണു വ്യക്തമാകാത്തത്...

ഒരുപാടു ചിന്തകൾക്കൊടുവിൽ അതിനും ഒരുത്തരം കണ്ടെത്താൻ അലിയാർക്കു കഴിഞ്ഞു.

ട്രൈബ്‌സിന് ധാരാളം സഹായം ചെയ്യുന്ന ആളായിരുന്നു രാമഭദ്രൻ തമ്പുരാനും വസുന്ധരത്തമ്പുരാട്ടിയും എന്നു കേട്ടിട്ടുണ്ട്.

പാഞ്ചാലിയുടെ അച്ഛനും അമ്മയും!

ഓണം, വിഷു തുടങ്ങിയ അവസരങ്ങളിൽ കോവിലകത്ത് അവർക്കായി സദ്യ നടത്തിയിരുന്നു. പുതുവസ്ത്രങ്ങളും പണവും നൽകിയിരുന്നു.

തിരികെ ഇങ്ങോട്ടും ദക്ഷിണ നൽകിയിരുന്നു ആദിവാസി സമൂഹം.

തേൻ, മഞ്ഞൾ തുടങ്ങിയ കാട്ടു വിഭവങ്ങൾ...

അങ്ങനെയുള്ള തമ്പുരാനും തമ്പുരാട്ടിയും പിന്നെ ഏക മകളും മരിച്ചപ്പോൾ ട്രൈബ്‌സിന് അത് സഹിക്കാൻ കഴിഞ്ഞിരിക്കില്ല.

കോവിലകത്ത് ഇനി മറ്റാരും താമസിക്കുവാൻ പാടില്ല എന്നത് അവരുടെ ഒരു വാശിയാണെങ്കിലോ...

ഒന്നിനും പക്ഷേ തെളിവില്ല തന്റെ പക്കൽ. ആകെയുള്ളത് ഈ കമ്പിളിയും കോവിലകത്തു നിന്നു കിട്ടിയ ഏതാനും കുന്തിരിക്കത്തിന്റെ പീസുകളും മാത്രം!

സത്യം കണ്ടെത്തണം. അത് ഏത് വേഷം കെട്ടിയാലും ഏത് അപകടത്തിൽ ചാടിയാലും...

അതൊരു തീരുമാനമായിരുന്നു.

പക്ഷേ നിലമ്പൂർ വനങ്ങളിൽ ധാരാളം ആദിവാസി ഊരുകൾ ഉണ്ട്. അവയിൽ എവിടെ തപ്പണം?

അതിനൊരുത്തരം തേടി സി.ഐ അലിയാർ തല പുകച്ചു.

******

ദിവസങ്ങൾ കഴിഞ്ഞു.

എം.എൽ.എ ശ്രീനിവാസ കിടാവും അനുജൻ ശേഖര കിടാവും എവിടെയാണെന്ന് പോലീസിനു യാതൊരു വിവരവും കിട്ടിയില്ല.

ഇരുവരുടെയും വീട്ടുകാരുടെ ഫോണുകൾ പോലീസ് നിരീക്ഷണ ത്തിലായിരുന്നു.

ഇതിനിടെ കിടാവിനെക്കുറിച്ച് പുതിയ പരാതികൾ പലതും ഉയർന്നുതുടങ്ങിയിരുന്നു.

തന്റെ സ്വാധീനം ഉപയോഗിച്ച്, പരാജയപ്പെട്ട പല വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റി വഴി ജയിപ്പിച്ചു എന്നതായിരുന്നു അവയിൽ ഒന്ന്.

അക്കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഈ സമയത്ത് സുരക്ഷിതമായി ഒരിടത്തായിരുന്നു കിടാക്കന്മാർ....

കരിമ്പുഴയ്ക്ക് അക്കരെ കരുളായി വനത്തിൽ...

ആനകൾ ധാരാളമുള്ള സ്ഥലമായിരുന്നതിനാൽ അവിടേക്ക് ആദിവാസികൾ പോലും പോകുമായിരുന്നില്ല...

അവിടെ മലയിടുക്കിൽ ഒരു കഞ്ചാവുതോട്ടമുണ്ടായിരുന്നു കിടാവിന്.

ഏതാണ്ട് അഞ്ഞൂറ് ഏക്കറോളം.. പകുതി വലിപ്പമെത്തിയ നല്ല 'ചടയൻ' കഞ്ചാവ്.

അവിടത്തെ പണികൾക്കായി പത്ത് പുരുഷന്മാർ ഉണ്ടായിരുന്നു. വർഷങ്ങളായി കേരളത്തിൽ വന്നു താമസിക്കുന്ന കർണാടക സ്വദേശികൾ..

കാട്ടുചോലയ്ക്കരുകിൽ പാറക്കെട്ടുകളോടു ചേർന്ന് പനയോല കൊണ്ട് ഉണ്ടാക്കിയ സാമാന്യം വലിയ ഒരു ഷെഡ്ഡായിരുന്നു അവരുടെ കേന്ദ്രം.

എവിടെ നിന്നു നോക്കിയാലും കുന്നിൻ ചരുവിലെ ആ ഷെഡ്ഡ് കാണാൻ കഴിയുമായിരുന്നില്ല.

അതിനുള്ളിൽ മരക്കമ്പുകൾ കെട്ടിയുണ്ടാക്കിയ കട്ടിലും കസേരകളുമുണ്ട്.

കട്ടിലിൽ കരിയിലകൾ നിരത്തി അതിനു മീതെ കമ്പിളി വിരിച്ചിരുന്നു. അതിൽ ഇരുന്നുകൊണ്ട് കിടാക്കന്മാർ മദ്യസേവ നടത്തുകയാണ്.

(തുടരും)