'ഞാൻ ലണ്ടനിലേക്ക് പോകും, ഇവിടെ ഒന്നും ശരിയാകാൻ പോകുന്നില്ല', രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

Thursday 07 November 2019 7:49 PM IST

ന്യൂഡൽഹി: ലോകസഭ തിരഞ്ഞെടുപ്പ് ശേഷം കോൺഗ്രസിൽ സജീവമല്ലാത്ത രാഹുൽ ഗാന്ധിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുമ്പോൾ വിദേശത്ത് ധ്യാനം കൂടാൻ പോവുകയാണെ വാർത്തയും വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന്റെ ഒരു പ്രസംഗ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. രാഹുൽ ഗാന്ധി സ്ഥിരമായി ലണ്ടനിലേക്ക് താമസം മാറ്റാൻ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള പ്രചാരണമാണ് വീഡിയോ പങ്കുവച്ച് നടത്തുന്നത്.

'' ഇവിടെ ഒന്നും ശരിയാകാൻ പോകുന്നില്ല. ഞാൻ ലണ്ടനിലേക്ക് പോകും. എന്റെ മക്കൾ അമേരിക്കയിൽ പോയി പഠിക്കും. എനിക്ക് ഹിന്ദുസ്ഥാനുമായി ഒരു ബന്ധവും ഇല്ല. എന്റെ കയ്യിൽ ആയിരണക്കണക്കിന് കോടി പണമുണ്ട്. ഞാനങ്ങ് പോകും'' എന്നായിരുന്നു 11 സെക്കന്റ് മാത്രമുള്ള വീഡിയോയിൽ രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ വീഡിയോയിലെ സത്യാവസ്ഥ അറിയാതെയാണ് ഇത് പ്രചരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് മഹാരാഷ്ട്രയിലെ ലാത്തൂരിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിത്.

ഇതിൽ 11 സെക്കന്റ് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നത് വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി, മെഹുൽ ചോസ്‌കി എന്നിവരെ കുറിച്ചാണ്. '' നീരവ് മോദിയും മെഹുൽ ചോസ്‌കിയും ഒരു പേടിയും കൂടാതെ ഉറങ്ങുകയാണ്. അവര്‍ക്ക് ഒരു പേടിയുമില്ല. ഒന്നും സംഭവിക്കില്ലെന്ന് അവര്‍ക്കറിയാം. നരേന്ദ്ര മോദിയുടെ സുഹൃത്തായത് കൊണ്ട് തനിക്ക് ലണ്ടനിൽ പോകാമെന്നും കയ്യില്‍ കോടിക്കണക്കിന് പണമുണ്ടെന്നും ഇതാണ് ഇന്ത്യയുടെ സത്യാവസ്ഥ'' എന്നാൽ രാഹുൽ പ്രസംഗിച്ചത്.

വീഡിയോ വളച്ചെൊടിച്ച് ബി.ജെ.പി നേതാക്കളടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ശ്രീവാസ്തവ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലുമായി ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. രാഹുൽ ഗാന്ധി ഇന്ത്യ വിടുന്നു എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പ്രചരിച്ചത്.