യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്, വിനായകൻ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം

Thursday 07 November 2019 10:04 PM IST

കൽപ്പറ്റ: ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയിൽ നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കൽപ്പറ്റ സി.ജെ.എം കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒരു വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് വിനായകന് എതിരെ ചുമത്തിയിരിക്കുന്നത്. തെറ്റ് സമ്മതിച്ചെന്ന് കൽപറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്.

അതേസമയം നടൻ യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. യുവതിയുടെ പരാതിയിൽ ഐ.പി.സി 506, 294 ബി, കെ.പി.എ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്.

നേരത്തെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി വിനായകന്‍ ജാമ്യമെടുത്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചരുന്നു. പരാതിക്കാരിയെ ഫോണിൽ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം. ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.