ഓപ്പറേഷൻ കാവൽ കണ്ണുകൾ കണ്ണടച്ചു

Friday 08 November 2019 4:12 AM IST

വെഞ്ഞാറമൂട്: കള്ളന്മാർക്കും സാമൂഹിക വിരുദ്ധർക്കും ട്രാഫിക് നിയമ ലംഘകർക്കുമൊക്കെ തടയിടാനായി വെഞ്ഞാറമൂട്ടിൽ "ഓപ്പറേഷൻ കാവൽ കണ്ണുകൾ"എന്ന പേരിൽ സ്ഥാപിച്ച കാമറകൾ നിശ്ചലമായിട്ട് കാലമേറെയായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെഞ്ഞാറമൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പൊതുനന്മ ലക്ഷ്യമിട്ട് ഇവ വെഞ്ഞാറമൂട് ടൗണിൽ സ്ഥാപിച്ചത്.

2016 ഒക്ടോബർ 18ന് ഡി.ജി.പി ലോക്നാഥ് ബഹ്റെയാണു ഉദ്ഘാടനം നിർവഹിച്ചത്. 24മണിക്കൂറും ജംഗ്ഷനിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ഈ കാമറ കണ്ണുകൾ ഒപ്പിയെടുത്തു മാസങ്ങളോളം സൂക്ഷിക്കുന്നതിനായിരുന്നു പദ്ധതി. വ്യാപാര സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു പുറമെ എം.സി റോഡ്‌ വഴി പോകുന്ന എല്ലാ വാഹനങ്ങളും കുറ്റകൃത്യങ്ങളും പൊലീസിന് പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു. സ്ത്രീ സുരക്ഷയും ഇതിലൂടെ ഉറപ്പു വരുത്തിയിരുന്നു. എന്നാൽ ഇടിയും മിന്നലുമൊക്കെയായുള്ള പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ട് കാമറകൾ ഒന്നൊന്നായി കണ്ണടയ്ക്കുകയായിരുന്നു. രണ്ട് വർഷത്തോളം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 40000 ത്തോളം രൂപ ചെലവിട്ട് അറ്റകുറ്റപണികൾ നടത്തിയെങ്കിലും വീണ്ടും കാമറകൾ കേടാവുകയായിരുന്നു. നന്നാക്കാൻ ഫണ്ട് കണ്ടെത്താൻ കഴിയാതായതോടെ കാമറകൾ പ്രവർത്തനരഹിതമാകുകയായിരുന്നു. പൊതുനന്മയ്ക്കായി വ്യാപാരികൾ സ്ഥാപിച്ച കാമറകൾ സംരക്ഷിക്കുന്നതിന് പഞ്ചായത്ത് അധികൃതരോ പൊലീസ് വകുപ്പോ തയ്യാറായിട്ടില്ല. എല്ലാം വ്യാപാരികളുടെ ചുമലിൽ വച്ച് കൈയൊഴിയുകയാണ് അധികൃതർ ചെയ്തത്. പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരി സംഘടന പഞ്ചായത്തിനെ സമീപിച്ചെങ്കിലും എല്ലാം ശരിയാക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലത്രെ.