കർത്താർപൂർ: പാസ്‌പോർട്ട് നിർബന്ധമാക്കി ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്

Friday 08 November 2019 1:08 AM IST

ന്യൂഡൽഹി: കർത്താർപൂർ ഗുരുദ്വാര സന്ദർശിക്കാൻ ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് പാസ്‌പോർട്ട് ആവശ്യമാണെന്ന് അറിയിച്ച് പാക് സൈന്യം. തീർത്ഥാടകർക്ക് പാസ്‌പോർട്ട് നിർബന്ധമല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചതിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ അറിയിപ്പ്.

ഗുരുദ്വാര സന്ദർശിക്കാൻ സിഖ് തീർത്ഥാടകർക്ക് പാസ്‌പോർട്ട് അവശ്യകതയെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പാകിസ്ഥാൻ ആർമി വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇക്കാര്യം അറിയിച്ചത്. പാസ്‌പോർട്ട് നിർബന്ധമാണെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യില്ലെന്നും ആസിഫ് ഗഫൂർ പറഞ്ഞു. ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിക്കുക. നാളെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴി തീർത്ഥാടകർക്കായി തുറന്നുനൽകും.