ക്രൈം ത്രില്ലർ നോവൽ - 'റെഡ്: 181'

Friday 08 November 2019 3:03 PM IST

പണിക്കാരിൽ ഒരുവൻ വെടിവച്ചു വീഴ്‌ത്തിയ കാട്ടുമുയലിന്റെ ഇറച്ചി ഉപ്പും മസാലയും പുരട്ടി ചുട്ടെടുത്തതിൽ അല്പം അടർത്തി വായിലേക്കിട്ടു ശ്രീനിവാസകിടാവ്.

''ആഹാ... സൂപ്പർ."

പറഞ്ഞുകൊണ്ട് കിടാവ് ഗ്ളാസിൽ ഇരുന്ന വാറ്റുചാരായം എടുത്ത് പകുതി കുടിച്ചു.

പണിക്കാർ അവിടെത്തന്നെ വാറ്റിയുണ്ടാക്കിയ ചാരായമാണ്.

ശേഖരകിടാവും ഗ്ളാസുയർത്തി അല്പം കുടിക്കുകയും മുയലിറച്ചി അടർത്തിയെടുത്ത് തിന്നുകയും ചെയ്തു.

''നമ്മുടെ വീട്ടിൽ ഉണ്ടാക്കിയാൽ ഇതിന്റെ പകുതി രുചി കിട്ടില്ല."

കിടാവ്, പാറയിടുക്കിൽ ഉണ്ടാക്കിയ അടുപ്പിൽ മാംസം ചുട്ടെടുക്കുന്ന കർണാടകക്കാരനെ നോക്കി.

''കൈപ്പുണ്യത്തിന്റെ കാര്യത്തിൽ കേമനാ ഇവൻ."

അതുകേട്ട് അയാൾ തിരിഞ്ഞുനോക്കി ഒന്നു ചിരിച്ചു.

കർണാടകക്കാരൻ ആണെങ്കിലും വർഷങ്ങളുടെ പരിചയം കൊണ്ട് അയാൾക്കു മലയാളം നന്നായി അറിയാമായിരുന്നു.

അവർ വീണ്ടും തീറ്റയും കുടിയും തുടർന്നു. അപ്പോൾ മലയിടുക്കിൽ എവിടെയോ നിന്ന് പക്ഷി ചിലയ്ക്കും പോലെ ഒരു പ്രത്യേക ശബ്ദം കേട്ടു.

ഉടൻ കർണാടകക്കാരി​ൽ ഒരാൾ അതേ ശബ്ദം പുറപ്പെടുവി​ച്ചു.

ഒരു സി​ഗ്‌നൽ ആയി​രുന്നു അത്! അവിടെയുള്ള എല്ലാവരും ഫോൺ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുകയാണ്.

കിടാവിന്റെ കർശന നിർദ്ദേശപ്രകാരമായിരുന്നു അത്.

യാതൊരു തരത്തിലും തന്നെ പോലീസ് പിടിച്ചുകൂടാ.

വക്കീലുമായി ഇടയ്ക്കു നേരിൽ സംസാരിച്ചപ്പോഴും മുൻകൂർ ജാമ്യം ലഭിക്കുവാൻ ബുദ്ധിമുട്ടാകും എന്നു പറഞ്ഞിരുന്നു.

പ്രസ്സും നോട്ടുകളും അടങ്ങുന്നതെല്ലാം പോലീസ് കണ്ടെത്തിയതായിരുന്നു പ്രധാന കാരണം. പോരെങ്കിൽ നന്ദിയില്ലാത്ത നിയമസഭാ സ്പീക്കർ തന്നെ അറസ്റ്റു ചെയ്യുവാൻ പച്ചക്കൊടി കാണിക്കുകയും ചെയ്തിരിക്കുന്നു!

അരമണിക്കൂർ കഴിഞ്ഞപ്പോൾ കാട്ടുചോലയ്ക്കപ്പുറം ഒരാൾ പ്രത്യക്ഷനായി.

നിലമ്പൂർ സ്വദേശിയായ ഒരാളായിരുന്നു അത്. കിടാവിന്റെ വിശ്വസ്തൻ.

അവിടെ നടക്കുന്നതിന്റെ കൃത്യമായ വിവരങ്ങൾ അറിഞ്ഞു വന്ന് പറയുവാൻ കിടാവു നിയോഗിച്ചിരുന്ന ആളായിരുന്നു അത്.

ചോല മുറിച്ചുകടന്ന് അയാൾ ഇക്കരെയെത്തി. വിയർത്തു കുളിച്ചിരുന്നു അയാൾ.

കിടാവ് ഒരു ഗ്ളാസിൽ ചാരായം പകർന്ന് അയാൾക്കു നീട്ടി.

ആർത്തിയോടെ അതു വാങ്ങി ഒറ്റ വലിക്ക് അയാൾ കുടിച്ചു.

കിടാവ്, മുയലിറച്ചി വച്ചിരുന്ന കാട്ടുചേമ്പിന്റെ ഇലയെടുത്തു കൊടുത്തു. അയാളും ഒരു കഷണം മാംസം എടുത്ത് വായിലിട്ടു. പിന്നെ മരക്കൊമ്പു കൊണ്ടുണ്ടാക്കിയ കസേരയിലിരുന്നു.

ശ്രീനിവാസ കിടാവും ശേഖരകിടാവും അയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

''പറ ദേവനേശാ... അവിടെ എങ്ങനെയാണു കാര്യങ്ങൾ?"

എം.എൽ.എ ആകാംക്ഷയോടെ തിരക്കി.

''ഒന്നും പറയണ്ട എന്റെ സാറേ... ആ സി.ഐ അലി​യാർ പേ പി​ടി​ച്ചതുപോലെ പാഞ്ഞു നടക്കുകയാ.. സാറി​നെ കണ്ടാൽ ആ നി​മി​ഷം അറസ്റ്റുചെയ്യും... ഇപ്പോൾ നമ്മുടെ പാർട്ടി​ക്കാരും നാട്ടുകാരും അടക്കം സാറി​നെതി​രാ... പോലീസ് കാവൽ ഉള്ളതുകൊണ്ടാണ് അവർ അമ്യൂസ്‌മെന്റ് പാർക്ക് അടി​ച്ചു തകർക്കാത്തത്.

കി​ടാവി​ന്റെ മുഖത്ത് ഒരു വി​ളർച്ച ബാധി​ച്ചു. പക്ഷേ ക്രമേണ ആ ഭാവം മാറി​ത്തുടങ്ങി​. രോഷത്താൽ അയാളുടെ മുഖം ചുവന്നു. പല്ലുകൾ ഞെരി​ഞ്ഞു.

''ദേവനേശാ.... എന്റെ ഔദാര്യം പറ്റിയിട്ടുള്ള നാറികളിൽ പലരുമാണ് ഇപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിടത്തില്ല ഒരുത്തനെയും ഞാൻ. ഇതിൽ വലിയ കേസു വന്നാലും ഊരിപ്പോകാൻ എനിക്കറിയാം. വടക്കേ ഇന്ത്യയല്ലല്ലോ കേരളം?

കുറ്റകൃത്യങ്ങൾക്ക് അകത്തുകിടക്കാനാണെങ്കിൽ ഇവിടത്തെ നേതാക്കന്മാരിൽ ഭൂരിഭാഗത്തിനും അതിന് അർഹതയുണ്ട്. അവന്മാരെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും എന്റെ ലാപ്ടോപ്പിൽ ഭദ്രമായുണ്ടുതാനും."

ദേവനേശൻ കേട്ടിരുന്നതേയുള്ളൂ. മിണ്ടിയില്ല...

കുറച്ചു സമയം കൂടി അവിടെ ഇരുന്ന ശേഷം ദേവനേശൻ മടങ്ങി.

ശ്രീനിവാസകിടാവ് അനുജൻ ശേഖരകിടാവിനെ നോക്കി.

''തൽക്കാലം നമുക്ക് കേരളം വിടണം ശേഖരാ... മുംബൈയ്ക്കോ ഡെൽഹിക്കോ അതല്ലെങ്കിൽ ചിറാപ്പുഞ്ചിയിലേക്കോ ... എന്റെ ബാങ്ക് അക്കൗണ്ടുകൾ അവന്മാർ ഫ്രീസു ചെയ്തു കാണും. പക്ഷേ അങ്ങനെയും എന്നെ തോൽപ്പിക്കാൻ ഒരുത്തനും കഴിയില്ല. സ്വിസ് ബാങ്കിൽ പത്തു തലമുറയ്ക്കു കഴിയാനുള്ളതു കിടപ്പുണ്ടല്ലോ... എന്നാൽ തൽക്കാലം പിടിച്ചുനിൽക്കാൻ ഒരു നിധി ബാക്കിയുണ്ടല്ലോ... ഒരു കല്ലറയല്ലേ നമ്മൾ പൊളിച്ചുള്ളൂ? ബാക്കി കൂടി പൊളിക്കണം. അവിടം സുരക്ഷിതമായ താവളമാണ്. നമ്മൾ അവിടെ കാണുമെന്ന് ആരും വിചാരിക്കില്ല. രണ്ടോ മൂന്നോ ദിവസം നമ്മൾ അവിടെ കഴിയും. പിന്നെ കേരളം വിടും."

കിടാവ് എന്താണുദ്ദേശിക്കുന്നതെന്ന് ശേഖരനു മനസ്സിലായി.

അയാൾ സന്തോഷത്തോടെ തലയാട്ടി.

മണിക്കൂറുകൾ കഴിഞ്ഞു.

കിടാക്കന്മാരുടെ അരികിൽ നിന്നു പോയ ദേവനേശൻ കരുളായിയിൽ കാട്ടുവഴി കടന്ന് റോഡിലേക്കു കാൽ കുത്തി. അടുത്ത നിമിഷം പാഞ്ഞെത്തിയ പോലീസിന്റെ ബൊലേറോ അയാൾക്കരികിൽ ബ്രേക്കിട്ടു.

ഞെട്ടലോടെ ദേവനേശൻ തലയുയർത്തി.

സി.ഐ അലിയാർ!

തിരിഞ്ഞ് ഓടാനുള്ള നേരം കിട്ടിയില്ല. അലിയാർ പുറത്തേക്കു കാൽവച്ച് അയാളുടെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു.

''വനത്തിൽ പോയി രാമലക്ഷ്മണന്മാരെ കണ്ടിട്ടു വരികയാണ് അല്ലേ ദേവനേശാ?"

അലിയാർ ചിരിച്ചു.

പതറിപ്പോയി ദേവനേശൻ.

അടുത്ത സെക്കന്റിൽ അയാളുടെ കവിളിൽ പടക്കം പൊട്ടുന്ന ഒച്ചയിൽ അടിയേറ്റു..!

(തുടരും)