പുത്തൻ അനുഭവമായി 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ': മൂവി റിവ്യൂ
മലയാള സിനിമയിൽ ഒരു റോബോട്ട് പ്രധാന കഥാപാത്രമായി വരുന്നത് തീർച്ചയായും നവ്യാനുഭവമാണ്. യുക്തിക്ക് നിരക്കാത്തത് സ്വീകരിക്കാത്ത മലയാളികളുടെ മുന്നിലേക്ക് കേന്ദ്രകഥാപാത്രമായി ഒരു യന്ത്രമനുഷ്യൻ എത്തുമ്പോൾ അത് യുക്തിസഹവും രസകരവുമാകണം. 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന സിനിമയിൽ മനുഷ്യനു പകരക്കാരനാകാൻ വന്ന യന്ത്രമനുഷ്യന്റെ കഥയാണ്. രസകരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയിൽ മനുഷ്യർക്ക് പ്രത്യേകിച്ച് കേരളീയ സമൂഹത്തിന് ചില സന്ദേശങ്ങളും നൽകുന്നുണ്ട്.
എൻജിനീയറിംഗ് പഠനത്തിന് ശേഷം മകനെ നാടിന് പുറത്തേക്ക് പോകാൻ സമ്മതിക്കാത്ത ഒരു അച്ഛനാണ് ഭാസ്കര പൊതുവാൾ. ഏറെ നാൾ അച്ഛന്റെ വാശിക്ക് വഴങ്ങി കൊടുത്ത മകൻ സുബ്രഹ്മണ്യന് വയസ് മുപ്പത്തിനാല് കഴിഞ്ഞപ്പോൾ ഒരു വലിയ ജോലിക്കായുള്ള അവസരം കിട്ടി. മുൻപ് പലയിടത്തും ജോലി ചെയ്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കുന്ന അച്ഛൻ കാരണം അയാൾക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ച് വരേണ്ടി വരാറുണ്ടായിരുന്നു. 34-ാം വയസിൽ കിട്ടിയ ഈ അവസരം ജീവിതത്തിൽ ഇനിയുണ്ടാകില്ല എന്നയാൾക്ക് തോന്നലുണ്ട്. ജോലി റഷ്യയിലെ ഒരു ജാപ്പനീസ് റോബോട്ടിക് കമ്പനിയിലാണ്. വൈകിട്ട് വീട്ടിലെത്തുന്ന ജോലിക്ക് പോയാൽ മതി എന്ന് പറയുന്ന അച്ഛനെ ഇതെങ്ങനെ പറഞ്ഞ് സമ്മതിപ്പിക്കാനാണ്. എന്നാൽ ഇത്തവണ സുബ്രഹ്മണ്യൻ രണ്ടും കൽപ്പിച്ച് വാശി പിടിച്ചു. അച്ഛനെ നോക്കാൻ ഒരു വീട്ടുവേലക്കാരിയെയും ഏർപ്പാടാക്കി അയാൾ റഷ്യയിലേക്ക് പോയി.
ഭാസ്കര പൊതുവാൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല. വീട്ടുവേലക്കാരിയുമായി തല്ലുണ്ടാക്കി. പിന്നെ നോക്കാൻ വന്നവരെല്ലാം വളരെ പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. ഇത്തവണയും സുബ്രഹ്മണ്യൻ തിരിച്ചു വന്നു. പക്ഷെ ഒറ്റയ്ക്കായിരുന്നില്ല. താൻ ജോലി ചെയ്യുന്ന കമ്പനി നിർമിക്കുന്ന ഒരു റോബോട്ടിനെയും കൊണ്ടായിരുന്നു വരവ്. ഒരു മനുഷ്യൻ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാൻ കഴിയുന്ന ഒരു യന്ത്രമനുഷ്യൻ. വീട്ടിൽ ഒരു മിക്സി പോലും പ്രവർത്തിക്കാൻ സമ്മതിക്കാത്ത ഭാസ്കര പൊതുവാളിന് ഇതിനോട് യോജിച്ച് പോകാൻ തീരെ പറ്റില്ല എന്ന മട്ടായിരുന്നു. അച്ഛനെ നോക്കാൻ റോബോട്ടിനെ ഏൽപ്പിച്ച് സുബ്രഹ്മണ്യൻ തിരികെ റഷ്യയിലേക്ക് പോയി. പിന്നീടങ്ങോട്ട് ഭാസ്കര പിള്ളയുടെയും നാട്ടുകാർ കുഞ്ഞപ്പൻ എന്ന് പേരിട്ട യന്ത്രമനുഷ്യന്റെയും കഥയാണ്.
കുഞ്ഞപ്പൻ മുഖേന മനുഷ്യന്റെ പല ഇരട്ടത്താപ്പുകളെയും ചിത്രം പരിഹസിക്കുന്നുണ്ട്. തമാശയിലൂടെയാണെങ്കിൽ കൂടി വർഗീയതയ്ക്കെതിരെയും ചിത്രം സന്ദേശം നൽകുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോഴുണ്ടായ ഗുണങ്ങളെയും കൂടെ അതിന്റെ വിപരീത ഫലങ്ങളെയും കുറിച്ച് ചിത്രം ചർച്ച ചെയ്യുന്നു.
ഭാസ്കര പൊതുവാൾ എന്ന വൃദ്ധ കഥാപാത്രം സുരാജ് വെഞ്ഞാറമ്മൂട് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. സുരാജിന്റെ പേര് പണ്ട് കോമഡിയുടെ കൂടെയാണ് പറഞ്ഞു കേട്ടതെങ്കിൽ ഇന്ന് അത് മാറി. തഴക്കം വന്ന ഒരു നടനായി സുരാജ് മാറി എന്നത് വ്യക്തമാണ്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ മാത്രമല്ല ഒരു സയൻസ് ഫിക്ഷൻ കഥാപാത്രം മനോഹരമാക്കാൻ കഴിയുക എന്ന് കുഞ്ഞപ്പൻ എന്ന റോബാട്ട് തെളിയിക്കുന്നു. സൗബിൻ, കെൻഡി സിർഡോ, സൈജു കുറുപ്പ്, മാലാ പാർവ്വതി തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം നടത്തി. ബിജിപാലിന്റെ സംഗീതത്തിലെ ഗാനങ്ങൾ ചിത്രത്തിന്റെ ലൈറ്റ് മൂഡിന് യോജിച്ചതാണ്. സാനു ജോൺ വർഗീസിന്റെ ഛായാഗ്രാഹണവും മികച്ചതാണ്.
നമുക്ക് പരിചിതമായ സമൂഹത്തിൽ തികച്ചു പുതുമയുള്ള കഥാസന്ദർഭമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം അവതരിപ്പിക്കുന്നത്. തമാശയുടെ മേമ്പൊടിയോടെ രസകരമായ അവതരണത്തിനിടയിലും മനുഷ്യബന്ധങ്ങളെയും അതിലെ വികാരങ്ങളെയും കുറിച്ച് ചിത്രത്തിൽ പറയുന്നുണ്ട്. എന്നാൽ ഒന്നാം പകുതിക്ക് ശേഷം പലയിടത്തായി ചിത്രത്തിന്റെ വൈകാരികതയും കാമ്പും നഷ്ടപ്പെടുന്നുണ്ടോ എന്ന സംശയം ഉണ്ടായേക്കാം. ക്ളൈമാക്സിനോട് അടുക്കുമ്പോൾ ഒരു ലക്ഷ്യബോധവും ഫിനിഷും ഇല്ല എന്ന് തോന്നും. എന്നിരുന്നാലും വ്യത്യസ്തമായ അനുഭവം തന്നെയാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന നവാഗത സംവിധായകന്റെ കടന്നുവരവ് മലയാളികൾക്ക് പരിചിതമല്ലാത്ത ഒരു കഥാസന്ദർഭം നൽകിയാണ്. എന്നാൽ കഥയുടെ ചുറ്റുപ്പാട് നമുക്ക് പരിചിതമാണ് താനും. ഒരു യന്ത്രമനുഷ്യന്റെ കഥ കേരളീയ പശ്ചാത്തലത്തിൽ വിശ്വസനീയമായി അവതരിപ്പിച്ചുവെന്നത് പ്രശംസനീയമാണ്.
വാൽക്കഷണം: ഒന്നും ഒന്നിനും പകരമാവില്ല
റേറ്റിംഗ്: 3/5