കാലൻ വന്നാൽ ശ്രദ്ധ കൂടും !! യമരാജനെ ഉപയോഗിച്ച് റെയിൽവേയുടെ ബോധവത്കരണം​,​ വൈറലായി ചിത്രങ്ങൾ

Friday 08 November 2019 3:42 PM IST

അശ്രദ്ധ മൂലമാണ് റെയിൽവേ ട്രാക്കുകളിൽ നടക്കുന്ന ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത്. റെയിൽ‌വേ ട്രാക്കുകളിൽ‌ നടക്കുന്ന അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് വെസ്റ്റേൺ റെയിൽ‌വേ കണ്ടെത്തിയ രസകരമായ ഒരു മാർഗം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു പുരാണമനുസരിച്ച് മരണത്തിന്റെ നാഥനായ യമരാജനെയാണ് ഇവർ ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വെസ്റ്റേൺ റെയിൽ‌വേയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റുചെയ്‌ത ബോധവത്കരണ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. യമരാജന്റെ വേഷത്തിൽ ഒരാൾ റെയിൽ‌വേ ട്രാക്കിൽ നിന്ന് ആളുകളെ ചുമന്ന് പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കൊണ്ടുവരുന്നതായിട്ടാണ് ചിത്രങ്ങളിൽ കാണിക്കുന്നത്.

ചിത്രങ്ങൾക്കൊപ്പം ഹിന്ദിയിൽ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ യമരാജൻ ശ്രദ്ധാലുവായിരിക്കുകയും ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നുവെന്ന് വിശദീകരിക്കുന്നു. ട്രാക്കുകളിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഇവരുടെ ഉദ്ദേശം. ട്വീറ്റിലൂടെ പാലമോ സബ്‌വേയോ ഉപയോഗിക്കാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നിരവധി പേരാണ് റെയിൽവേയുടെ ഈ ബോധവത്കരണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിന് നേരത്തെ ബംഗളൂരു പൊലീസും ഗുഡ്ഗാവ് ട്രാഫിക് പോലീസും ഇത്തരത്തിൽ യുരാജൻറെ സഹായം തേടിയിരുന്നു.